‘അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ഒന്നിച്ച് നിക്കണം’: പുതിയ സർക്കാരിനോട് കുവൈറ്റ് അമീർ

കുവൈറ്റ്: നിങ്ങളുടെ സ്ഥിരതയെ ദുര്‍ബലപ്പെടുത്താന്‍ ആര് ശ്രമിച്ചാലും അവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കുവൈറ്റ് അമീർ ഷെയ്ഖ് സബ അഹമ്മദ് അൽ ജാബർ അൽ സബ. രാജ്യത്തെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം മന്ത്രിസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

‘ പല തരത്തിലുള്ള ദുഷിച്ച വാക്കുകളും നിങ്ങൾക്ക് കേൾക്കേണ്ടി വരും.. നിങ്ങൾ മടിച്ചു നിൽക്കാതെ പ്രതികരിക്കണം.. നിങ്ങൾക്കെതിരെ ആരെങ്കിലും ആരോപണം ഉന്നയിക്കുകയാണെങ്കിൽ ഇവിടെ കോടതികളുണ്ട്… ‘.. സമാധാനവും സുരക്ഷിതത്വവും കൊണ്ട് അനുഗ്രഹീതരാണ് നമ്മൾ.. പ്രധാനമന്ത്രിയായ ഷെയ്ഖ് സബ അൽ ഖാലിദിന്റെ നേതൃത്വത്തിൽ പരസ്പര സഹകരണത്തോടെ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണം.. അമീർ ആവശ്യപ്പെട്ടു..

ഇക്കഴിഞ്ഞ നവംബർ 14നാണ് ഷെയ്ഖ് ജാബിർ മുബാറകിൻരെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചത്. ഒരുമാസത്തോളമായിട്ടും മന്ത്രിസഭ രൂപീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് തന്നെ മന്ത്രിസഭ അധികാരത്തിലേറിയത്.