ആരും വിഷമിക്കണ്ട ഇമ്മള ധർമ്മേട്ടൻ സുരക്ഷിതനായി താവളത്തിൽ ഉണ്ട്

0
5

കോവിഡ് ബാധിച്ചവർ പതിനാറ് ലക്ഷം കടന്നു. മരിച്ചവരുടെ ഔദ്യോഗിക കണക്ക് ഇന്ന് ഒരു ലക്ഷം കടക്കും. ഈ രണ്ടുവിഷയത്തിലും അനൗദ്യോഗികമായ കണക്കുകൾ ഇതിലും എത്രയോ ഏറെയായിരിക്കും. ലോകത്തെല്ലായിടത്തുമെന്നതുപോലെ കുവൈത്തിലും രോഗബാധിതരുടെ എണ്ണം അനുദിനം കൂടിക്കൂടി വരികയാണ്. മരിച്ചവർക്ക് ആദരാഞ്ജലികൾ. രോഗബാധിതരെ പ്രാർത്ഥനയിൽ ഓർക്കുന്നു. ആരോഗ്യരംഗത്തെ പടയാളികൾക്ക് സല്യൂട്ട്. ഇത്രയും ആമുഖം.

ഇനി പറയാൻ പോകുന്നതിൽ രാഷ്ട്രീയമോ മതമോ ഇല്ല. ദയവുചെയ്ത് അതു ചികയാൻ മെനക്കെടരുത്.ലോകത്തിനുതന്നെ അദ്ഭുതകരമായ രീതിയിലുള്ള ചിട്ടയൊത്ത പ്രവർത്തനത്തനംകൊണ്ട് കേവലം കയ്പക്കാവലിപ്പമുള്ള നമ്മുടെ സംസ്ഥാനം ലോകോത്തരമാവുകയാണ്. നിരന്തര ജാഗ്രതയോടെ പ്രതിപക്ഷം പിഴവുകൾ ചൂണ്ടിക്കാണിച്ച് സർക്കാരിനോപ്പമുണ്ട്. സർക്കാർ നമുക്കൊപ്പമുണ്ട്. നാം സർക്കാരിനൊപ്പവും.

ഇനി ഇവിടെ കുവൈത്തിൽ നേരിൽ കണ്ടതും അനുഭവപ്പെട്ടതുമായ ചില വിഷയങ്ങളുടെ പേരിലുള്ള ആശങ്ക പങ്കുവെക്കുന്നു. ഏതൊരു പ്രവാസഭൂമിയും നമ്മുടെ രണ്ടാം വീടാണ്. അപൂർവ്വ സമയങ്ങളിൽ അത് നമ്മുടെ ഒന്നാം വീടും.
അതതു രാജ്യങ്ങളിലെ നിയമവ്യവസ്ഥകൾ നാട്ടിലേതിനേക്കാളും കൃത്യമായി പാലിക്കാൻ ജാഗ്രത കാണിക്കുന്ന ഒരു ജനതകൂടിയാണു നാം. അത് നീതിബോധത്തേക്കാളേറെ ഇവിടെ വ്യവസ്ഥകൾ കർക്കശമാണ് എന്നതുകൊണ്ടുകൂടിയാണ്. അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ട്. അതേ സമയം അതിന്റെ കാർക്കശ്യത്തെ ഭയന്ന് പലപ്പോഴും നമുക്ക് ഉന്നയിക്കാനുള്ള ആവശ്യങ്ങൾ ഇവിടുത്തെ സംവിധാനങ്ങൾക്കകത്തുനിന്നുകൊണ്ടുതന്നെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നുകൂടി ആത്മപരിശോധന നടത്തേണ്ടുന്ന ഒരു സമയമാണിത്.

ഇന്നലെ അബ്ബാസിയയിൽ അരി, എണ്ണ, പരിപ്പ് എന്നിവരുടെ വിതരണമുണ്ടായിരുന്നു. ഊഹിക്കാവുന്നതിലുമേറേ നീണ്ട നിരയായിരുന്നു അവ കൈപ്പറ്റാൻ. യഥാർത്ഥ ആവശ്യങ്ങളുടെ തുലോം പരിമിതമായ വിതരണമാണ് നടന്നത്. ഇത് ഇവിടുത്തെ അധികാരികളുടെ പിഴവായി തോന്നുന്നില്ല. വിതരണം ചെയ്തിരുന്നത് ഈജിപ്തുകാരാണ്. അതുകൊണ്ടുതന്നെ ഈ വിവരം പരിസരങ്ങളിലെ ഈജിപ്തുകാർക്ക് മുൻകൂട്ടി അറിയാനും വരിയിൽ മുൻനിരയിലിടം പിടിക്കാനും ഭക്ഷ്യസാധനങ്ങൾ കൈപ്പറ്റാനും കഴിഞ്ഞു, കഴിയുന്നു. അബ്ബാസിയക്കകത്ത്, വിതരണം നടന്നതിന് പരിസരങ്ങളിൽ ഈജിപ്തുകാർ തുലോം കുറവാണ്. അതേസമയം കൈപ്പറ്റുന്നതിൽ അവർ മുൻന്നിരയിലുമാണ്. ഈ സ്ഥിതി ഇനിയും തുടരും. വിതരണം ചെയ്യപ്പെടുന്ന സാധനങ്ങളിൽത്തന്നെ വിഭാഗീയതയുണ്ട്. ഈജിപ്തുകാരനാണെങ്കിൽ സർവ്വ സാധനങ്ങളും ലഭിക്കുന്നുണ്ട്. മറ്റുള്ളവർക്ക് പലപ്പോഴും ഇത്തിരി അരിയോ പരിപ്പോകൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. ഇപ്പോൾ ഇത് വായിക്കുമ്പോൾ ഒരുപക്ഷെ ഈ വിഷയം ഒരു തമാശയായി തോന്നാം. കാരണം നമ്മുടെ മിക്കവരുടേയും കൈവശം ആവശ്യത്തിന് ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്കുണ്ട്. അതുതീർന്നാൽ നമ്മൾ തമ്മിൽത്തല്ലുന്ന അവസ്ഥവരും. എനിക്ക് നിങ്ങളേയൊ, നിങ്ങൾക്ക് എന്നെയോ കണ്ടാലറിയില്ലെന്ന പെരുമാറ്റരീതി വരും. അതൊക്കെ മനുഷ്യ സഹജമാണ്. കർഫ്യൂ പ്രഖ്യാപിക്കപ്പെട്ട ദിവസത്തിന്റെ തലേന്ന് നമ്മൾ ബക്കാലകളിലും ഹൈപ്പർമാർക്കറ്റുകളിലും ചെന്ന് നടത്തിയ യുദ്ധം ഓർത്താൽ മതി.

കാര്യങ്ങൾ ഇത്തിരികൂടി ഗുരുതരാവസ്ഥയിലെത്തുകയാണ്. നമ്മുടെ ആവശ്യങ്ങൾ ഇവിടുത്തെ അധികാരികളെ അറിയിക്കാനുള്ള ഒരു പ്ലാറ്റ്ഫോം യുദ്ധകാല അടിസ്ഥാനത്തിൽ ഉണ്ടാവേണ്ടതുണ്ട്. പത്തു നാനൂറിലേറെ സംഘടനകൾ നമുക്കുണ്ട്. ഇവരുടെ സത്വരശ്രദ്ധ ഇതിലേക്ക് വരേണ്ടതുണ്ട്. കേരളത്തിൽ അതിഥിതൊഴിലാളികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സ്വാഭാവികമായി വന്നുപെട്ട പിഴവുകൾക്ക് ഇവിടെ ഇടമില്ല. ചപ്പാത്തിയും പരിപ്പും കിട്ടിയാലേ ഭക്ഷണമാവൂ എന്നൊരു ധാരണ നമുക്കില്ല. പലപ്പോഴും പുട്ടിനും ഇഡലിക്കും ഒപ്പംതന്നെയാണ് നമുക്ക് ഖുബ്ബൂസും. നമ്മുടെ പ്രയാസങ്ങൾ ആരായാനും അവതരിപ്പിക്കാനുമുള്ള ഒരു സ്പേസ് ഉണ്ടാവേണ്ടതുണ്ട്.

ഇതേവരെ ഇവിടെ എത്ര മലയാളികൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട് എന്ന അറിവ് നമുക്കില്ല. അത്തരം അറിവുകൾ നമ്മുടെ ജാഗ്രതകൾക്ക് മൂർച്ചകൂട്ടും.

ഫ്ലാറ്റ് വാടകയിൽ ഇളവുപ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര എന്ന ഒരറിവും നമുക്കില്ല. അഥവാ ഇളവുണ്ടായിട്ടും നമ്മളിൽനിന്നും ഈടാക്കപ്പെടുന്നുണ്ടെങ്കിൽ എന്തുചെയ്യണം എന്നുമറിയില്ല. അബ്ബാസിയ എന്നാൽ നേഴ്സുമാർമാത്രം താമസിക്കുന്ന പ്രദേശം എന്നൊരു ധാരണ പലപ്പോഴും തദ്ദേശീയർക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവരുടെ ശംബളവർദ്ധകാലത്ത് പലപ്പോഴും ഇവിടെ വാടക കൂട്ടുന്ന ഒരേർപ്പാടുതന്നെയുണ്ട്. പ്രയാസമനുഭവിക്കുന്നവർക്കായി നമുക്ക് ചിലപ്പോൾ ഭക്ഷണമോ ഭക്ഷ്യസാധനങ്ങളോ എത്തിച്ചു സഹായിക്കാനൊത്തേക്കാം. പക്ഷെ തൊഴിലില്ലാത്തവരുടെ റൂം വാടക എത്തിച്ചുകൊടുക്കുക എന്നത് നമുക്ക് അപ്രായോഗികമാണ്. പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിരവധിപേർ ഒഴിഞ്ഞുപോകുമ്പോൾ റൂം ഷെയറിങ്ങിലൂടെ നാം നിലനിർത്തിപ്പോരുന്ന സാമ്പത്തിക സന്തുലനാവസ്ഥ നഷ്ടപ്പെടുകയാണ്. പകരം ഒരാളെ കണ്ടെത്തുക ഈ സാഹചര്യത്തിൽ അപ്രാപ്യമാണ്. ഞാൻ അത്തരം ഒരവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് അറിയിക്കുന്നതിനുകൂടി ഈ അവസരം ഉപയോഗിക്കുന്നു.

ഇന്ന് അബ്ബാസിയയിൽ പോലീസ് സ്റ്റേഷനു സമിപം
ഖുബ്ബൂസും ഗ്യാസും വിതരണം ചെയ്യപ്പെടുന്നുണ്ട് എന്നൊരു സന്ദേശം കണ്ടു. സത്യമോ വ്യാജമോ എന്നറിയില്ല. സന്ദേശം വ്യാജമാണെങ്കിൽ അവിടെവരെ പോയി വെറും കൈയ്യോടെ തിരിച്ചുവരേണ്ടിവരുന്ന ഒരാളുടെ അവസ്ഥകൂടി ഓർക്കണം. ഒരു പക്ഷേ ആ യാത്രകൊണ്ടായിരിക്കാം അയാൾക്ക് രോഗം പിടിപെടുന്നത് എന്നുകൂടിയായാലോ? ചുരുക്കത്തിൽ ഓരോ വ്യാജവാർത്തയും നമ്മേ മരണത്തിലേക്ക് തള്ളിവിടേക്കാവുന്ന വാതിലുകളാണ്.

ഭക്ഷ്യസാധനങ്ങൾക്ക്, പാചക വാതകത്തിന്, എന്നെല്ലാം നാം നീണ്ട നിരകളിൽ ഏറെ നേരം നില്ക്കുന്നതുതന്നെ രോഗം ക്ഷണിച്ചുവരുത്തലാണ്. അതുകൊണ്ടുതന്നെ വിതരണ രീതികൾ മാറ്റേണ്ടതുണ്ടെന്ന് അധികാരികളെ ബോധിപ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

ലോകത്താകമാനമുള്ള മലയാളികളുടെ ഒരു സെൻസസ് എടുക്കാനുള്ള അവസരം കൂടിയാണ് ഇതെന്ന് തോന്നുന്നു. അതിനായി ഒരു ആപ്പ് വികസിപ്പിക്കപ്പെട്ടാൽ എളുപ്പം. ലേകത്താകമാനമുള്ള ലോകകേരളസഭയുടെ പ്രതിനിധികളെ ഈ ഒരു വിഷയത്തിനായി കേരളസർക്കാർ ചുമതലപ്പെടുത്തേണ്ടതുണ്ട്. നാളെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്കറിയില്ല. എത്രപേരെ പുനഃരധിവസിപ്പിക്കേണ്ടിവരും എന്നുമറിയില്ല. അത്തരം ഒരവസ്ഥ ഉണ്ടായാലും ഇല്ലെങ്കിലും നമ്മുടെ ജനതയുടെ ഒരുകണക്ക് നമുക്ക് ആവശ്യമാണ്. ഗൾഫുമേഖലകളിൽനിന്നും തൊഴിൽ നഷ്ടപ്പെട്ടു
മടങ്ങുന്നവരുടെ എണ്ണം തീരെ ചെറുതാവില്ല. പലരുടേയും ശംബളം വെട്ടിച്ചുരുക്കപ്പെട്ടേക്കാം. നമ്മളിൽ പലരും എയർപ്പോർട്ട് തുറക്കാൻവേണ്ടി കാത്തുനില്ക്കുന്നവരാണ് തിരിച്ചുപോകാൻ. പോയിട്ട് എന്ത് എന്ന ആ വലിയ ചോദ്യമാണ് യഥാർത്ഥ മരുഭൂമി. ഒരർത്ഥത്തിൽ നാം മരുഭൂമികൾ കാണാൻ തുടങ്ങുന്നതേയുള്ളൂ. കാര്യങ്ങൾ അത്ര ലളിതമല്ല. അതിനെ അങ്ങിനേത്തന്നെ കാണണം.

കോവിഡിനെ ഒരളവുവരെ നമുക്ക് പ്രതിരോധിക്കാനായത് ‘മൂൻകൂട്ടികാണുക’ എന്ന ജാഗ്രതയെ ക്രിയാത്മകമായി പ്രയോഗിച്ചതുകൊണ്ടാണ്. വരാനിരിക്കുന്ന ദുരവസ്ഥകളെ നമ്മളും മൂന്നാംകണ്ണുകൊണ്ട് കാണേണ്ടതുണ്ട്. നമുക്കിടയിലെ ജാഗ്രതതന്നെയാണ് ഇവിടുത്തെ സർക്കാരിനോടും നമ്മുടെ സർക്കാരിനോടും കാണിക്കാവുന്ന നന്മ.

ഓർക്കുക. നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച ജനതയാണ്. പ്രിയപ്പെട്ടവരേ…
ഇത്ര ദൂരത്തിരുന്നും കണ്ണടച്ചാൽ എനിക്ക് നിങ്ങളുടെ വിരൽ തൊടാം. നിങ്ങൾക്കും അങ്ങിനെത്തന്നെയാണെന്ന് എനിക്കുറപ്പുണ്ട്. ഈ കെട്ടുറപ്പിൽനിന്നും ആരുടെ വിരലും ചോർന്നുപോകരുത്.

സ്നേഹപൂർവ്വം,
ധർമ്മരാജ്
മടപ്പള്ളി.