ആലപ്പുഴയിൽ തുമ്പച്ചെടി തോരന്‍ കഴിച്ച യുവതി മരണപ്പെട്ടു

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു. ജെ.ഇന്ദു (42) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ഏറ്റതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ ചേർത്തല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചത്. പുലർച്ചെ ആയപ്പോൾ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച ചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപ്രത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് 6.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
തുമ്പപ്പൂ തോരൻ കഴിച്ച ഇവരുടെ പിതാവിനും ശാരിരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറയുന്നു. പ്രമേഹത്തിനും ഗോയിറ്റർ രോഗത്തിനും ചികിത്സ തേടിയിരുന്ന ആളാണ് ഇന്ദുവെന്ന് പൊലിസ് പറഞ്ഞു.മറ്റ് രോഗങ്ങളുള്ളവർ തുമ്പച്ചെടി കഴിക്കുന്നത് അപകടമാണെന്നാണ് റിപ്പോർട്ടുകൾ. സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.