‘ഇത് മാറുന്ന ഇന്ത്യയുടെ പ്രതീക്ഷ നല്‍കുന്ന മുഖം’: ചന്ദ്രശേഖർ ആസാദിനെക്കുറിച്ച് റസൂൽ പൂക്കുട്ടി

Azad

ന്യൂഡൽഹി: കറുത്ത കണ്ണട ധരിച്ച് നീല തലപ്പാവണിഞ്ഞ വെള്ളവസ്ത്രം ധരിച്ച് ഒരു യുവാവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന ഒരു ചിത്രമാണിത്. രാജ്യത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഡല്‍ഹി ജുമാ മസ്ജിദിൽ പൗരത്വ ഭേദഗതിക്കെതിരായി പ്രതിഷേധങ്ങൾ നയിച്ച ആ യുവാവിന്റെ പേര് ചന്ദ്രശേഖർ ആസാദ് എന്നായിരുന്നു.

ദളിതുകൾ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ ഒറ്റയാൾ പോരാട്ടം ആരംഭിച്ച ഭീ ആർമി എന്ന സംഘടനയുടെ തലവൻ ചന്ദ്രശേഖർ ആസാദ്. ജുമാമസ്ജിദിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ആസാദിനെ പിടികൂടാൻ പൊലീസ് സര്‍വ സന്നാഹങ്ങളുമൊരുക്കിയാണ് കാത്തുനിന്നത്. എന്നാൽ പൊലീസ് കണ്ണുവെട്ടിച്ച് ആസാദ് ജുമാ മസ്ജിദിലെത്തി. അംബേദ്കറുടെ ചിത്രം ആലേഖനം ചെയ്ത ഭരണഘടന ഉയർത്തിപ്പിടിച്ച രാജ്യത്തെ ഭരണഘടനയെ വിരുദ്ധതയ്ക്കെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ നൂറു കണക്കിന് പേരെ ആ യുവാവ് അഭിസംബോധന ചെയ്തു.

ജയ്ഭീം വിളികളുമായി ജനക്കൂട്ടം ആസാദിന്റെ വാക്കുകൾക്ക് ആർപ്പു വിളിച്ചു. ഒരു ദളിത് ഹിന്ദു നേതാവിന് പിന്നിൽ ജാതി മത ഭേദമന്യേ ജനങ്ങൾ ഒത്തു കൂടിയ കാഴ്ചയിൽ അഭിമാനം അറിയിച്ച് പ്രമുഖ സംഗീത സംവിധായകന്‍ റസൂൽ പൂക്കുട്ടി പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ” രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം പള്ളിയിൽ നിന്നും ഒരു ദളിത് ഹൈന്ദവ നേതാവ് പുറത്തു വരുന്നു.. വിശുദ്ധ ഖുര്‍ആനോ വിശുദ്ധ ഭഗവദ് ഗീതയോ ഒന്നുമായിരുന്നില്ല ആ കൈകളിൽ മറിച്ച് ഇന്ത്യയുടെ ഭരണഘടന ആയിരുന്നു.. മാറുന്ന ഇന്ത്യയുടെ പ്രതീക്ഷ നല്‍കുന്ന മുഖം.. എന്റ രാജ്യത്തെയും അതിന്റെ വൈവിധ്യത്തെയും ഞാൻ സ്നേഹിക്കുന്നു..’ ജയ് ഹിന്ദ് എന്നായിരുന്നു റസൂല്‍‌ പൂക്കുട്ടിയുടെ വാക്കുകൾ.