ഇരകൾക്കൊപ്പം നിൽക്കുന്നതിനെ പ്രീണനമായി ചിത്രീകരിക്കുന്നത് അൽപ്പത്വം – ഡോ.എ. സമ്പത്ത്

തിരുവനന്തപുരം :- ജാതി മത രാഷ്ട്രീയ നിറങ്ങൾക്കപ്പുറം വേട്ടയാടപ്പെടുന്ന ഇരകൾക്കൊപ്പം നിൽക്കുകയെന്ന കമ്മ്യൂണിസ്റ്റ് ധർമ്മമാണ് ഫലസ്തീൻ – പൗരത്വ വിഷയത്തിൽ ഇടത്പക്ഷ പ്രസ്ഥാനങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനെ സാമുദായിക പ്രീണനമായി ചിത്രീകരിക്കുന്നത് അൽപ്പത്വമാണെന്നും മുൻ.എം.പി. ഡോ.എ.സമ്പത്ത് അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇരകൾ ന്യൂനപക്ഷമായ ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ്.ശ്രീലങ്കയിൽ ഹിന്ദുക്കളായ തമിഴ് വംശജരാണ് ഇരകൾ. ഇറാഖിലും സിറിയയിലും ക്രിസ്ത്യാനികളും കുർദുകളുമാണ് ഇരകളായി മാറിയിരിക്കുന്നത്. ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടിൻ്റെ ഇരകൾ മുസ്ലീംകൾ മാത്രമല്ല ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ്. ഇതിനെതിരെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ലോകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പൊരുതുന്നുണ്ട്. ഇതിനെയെല്ലാം സാമുദായിക കണ്ണുകളോടെ കാണുന്നത് പോലെ വിഢ്ഢിത്തം മറ്റൊന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ നാഷണൽ ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി രക്തസാക്ഷി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്ര ഫലസ്ഥീൻ എന്ന ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപിത നയം നടപ്പിലാക്കുക മാത്രമാണ് ഫലസ്ഥീൻ പ്രശ്ന പരിഹാരത്തിനുള്ള ഏക മാർഗ്ഗമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.മഹാത്മാഗാന്ധിയുടെ ഇന്ത്യക്ക് ഈ വിഷയത്തിൽ ഏറെ ചെയ്യാനുണ്ട്.നിർഭാഗ്യവശാൽ ഇന്ത്യ സാമ്രാജ്യത്വത്തിൻ്റെ ഏജൻ്റായി മാറിയ ദുരന്തകാഴ്ചക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.പിറന്ന മണ്ണിനായുള്ള ഫലസ്ഥീൻ മക്കളുടെ സമരവീര്യം പോരാട്ട ചരിത്രത്തിൽ വേറിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൽ.എം ഖാസിം അധ്യക്ഷനായി. നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.പി.സുബൈർ ചെറുമോത്ത് ,സയ്യിദ് ഷബീൽ ഹൈദ്രോസി തങ്ങൾ, ആർ.ജെ.ഡി.ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ, പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി,, മുഹമ്മദ് ഫാറുഖ് സഖാഫി, ജേക്കബ് വെളുത്താൽ ,ഷാഫി നദവി, നാസർ മന്നാനി ,വെമ്പായം നസീർ, സനൽ കുമാർ കാട്ടായിക്കോണം എന്നിവർ സംസാരിച്ചുജലീൽ പുനലൂർ സ്വാഗതവും സജ്ജാദ് വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു