ഇറാനു മുന്നറിയിപ്പുമായി യുഎസിന്റെ സൈനികനീക്കം; ഇന്ത്യൻ നിലപാട് നിർണ്ണായകം

The B-52H is a long-range, heavy bomber designed and built by Boeing Company (Boeing Military Airplane Co.)

മധ്യപൂര്‍വദേശത്ത് ഇറാന്റെ ‘ഭീഷണി’ തടയുന്നതിനായി സേന ഞായറാഴ്ച മേഖലയില്‍ പട്രോളിങ് നടത്തിയതായി യുഎസ് എയര്‍ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡാണു വെളിപ്പെടുത്തിയത്. അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ ആദ്യമായി പ്രതിരോധപ്പറക്കല്‍ നടത്തി.

രാജ്യാന്തര ക്രൂഡോയില്‍ നീക്കത്തില്‍ തന്ത്രപ്രധാന സ്ഥാനമുള്ള ഹോര്‍മുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണു യുഎസിന്റെ സൈനികനീക്കം.

യുഎസ് വ്യോമസേനയുടെ ബി52എച്ച് ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍, എഫ്15സി ഈഗിള്‍സ്, എഫ്35എ ലൈറ്റ്‌നിങ് 2 ജോയിന്റ് സ്‌ട്രൈക് പോര്‍വിമാനങ്ങള്‍ എന്നിവയാണു പ്രതിരോധപ്പറക്കല്‍ നടത്തിയത്. ഇവയ്ക്ക് അകമ്പടിയായും ഇന്ധനം നിറയ്ക്കാനുമായി കെസി-135 സ്ട്രാറ്റോടാങ്കറും സജീവമായിരുന്നു. ഏതുവിധേനയും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎസ് തയാറാണെന്ന സന്ദേശം കൈമാറാനാണു പോര്‍വിമാനങ്ങള്‍ പ്രതിരോധപ്പറക്കല്‍ നടത്തിയതെന്നു യുഎസ് പട്ടാളം വ്യക്തമാക്കി. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പല്‍, ഒരു ക്രൂയിസര്‍, നാല് നശീകരണക്കപ്പല്‍, അനവധി യുദ്ധവിമാനങ്ങള്‍ എന്നിവ മേഖലയില്‍ സജ്ജമായി നില്‍ക്കുന്നുണ്ട്.

ഇറാനുമായുള്ള ആണവക്കരാറില്‍നിന്നു യുഎസ് കഴിഞ്ഞവര്‍ഷം ഏകപക്ഷീയമായി പിന്മാറിയതിന്റെ ഭാഗമായുള്ള അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ, തങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന്റെ ഭീഷണിയുള്ളതായി യുഎസ് കഴിഞ്ഞദിവസം ആരോപിച്ചു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുഎസിലേക്കു ക്രൂഡോയിലുമായി പോകേണ്ടിയിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയിലൊന്ന് എന്നതു സംഘര്‍ഷത്തിന്റെ തീവ്രത കൂട്ടുന്നു.

ഇതേ സമയം ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ് . ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് നിർണ്ണായകമാകും. അതീവജാഗ്രതയോടെയാണ് ഇന്ത്യ ഈ വിഷയത്തെ നോക്കികാണുന്നത്. ഹോര്‍മുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് സൗദിയുടെ എണ്ണ ടാങ്കറുകള്‍ അടക്കം 4 കപ്പലുകള്‍ക്കു നേരെ ആക്രമണം ഉണ്ടായതിനു തൊട്ടുപിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാത്രി ഇന്ത്യയിലെത്തിയ ഷരീഫ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ഇന്നു കൂടിക്കാഴ്ച നടത്തും. യുഎസുമായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ ഇന്ത്യയുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി എത്തിയിരിക്കുന്നതെന്നാണു സൂചന.

മധ്യപൂര്‍വേഷ്യയിലെ സഖ്യരാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്ക ഇറാനെതിരെയുള്ള നീക്കം ശക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കാഴ്ചക്കാരാകാന്‍ കഴിയില്ല. സൗദി, ഗള്‍ഫ് രാജ്യങ്ങള്‍, ഇസ്രയേല്‍ എന്നിവരുമായി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നിര്‍ണായക നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യം ഉടലെടുത്താല്‍ ഇവരെയൊന്നും പിണക്കാതെ ഇറാനു ഹാനികരമല്ലാത്ത തീരുമാനം എടുക്കാന്‍ ഇന്ത്യ ഏറെ പണിപ്പെടേണ്ടിവരും. ഇറാന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ ചൈനയ്ക്കു മേലും അമേരിക്ക സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ ഇറാനു വേണ്ടി ശക്തമായി നിലകൊള്ളാന്‍ ചൈനയ്ക്കു കഴിയില്ലെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍.