ഈ ഡി ഓഫീസ് ബി ജെ പി കാര്യാലയം

മുംബൈ: മുംബൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ഓഫീസിന് മുൻപിൽ ബി ജെ പി കാര്യാലയമാണെന്ന ബോർഡ് തൂക്കി ശിവസേന . ശിവസേനാ വക്താവ് സജ്ഞയ് റൗട്ടിന്റെ ഭാര്യയെ പി എൻ ബി ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് തുടർന്നാണ് ബോർഡ് തൂക്കിയത്.

ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വർഷ റൗട്ടിന് കത്ത് നൽകിയിരിക്കുന്നത്. മുൻപ് രണ്ട് തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല.

ആരെയും ഭയക്കുന്നില്ലെന്നും കുടുംബിനിയായ ഒരു സ്ത്രീയെ ലക്ഷ്യം വെയ്ക്കുന്നത് ഭീരുത്വമാണെന്നും സജ്ഞയ് റൗട്ട് പറഞ്ഞു. ഈ ഡി ചോദിച്ച ചില രേഖകൾ സമയത്ത് തന്നെ നൽകിയിട്ടുണ്ടെന്നും റൗട്ട് വ്യക്തമാക്കി.

മോദി സർക്കാർ കേന്ദ്ര എജൻസികളായ ഈ ഡി, സി ബി ഐ, ആദായ നികുതി എന്നിവ ഉപയോഗിച്ച് ബി ജെ പി ഇതര സർക്കാരുകളെ ലക്ഷ്യം വെയ്ക്കുകയാണെന്ന് ശിവസേന ആരോപിച്ചു.