റിയാദ്: ഉംറ വിസ കാലാവധി കഴിഞ്ഞിട്ടും കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് തന്നെ തുടരുന്നവർ ബന്ധപ്പെട്ട മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് സൗദി. വിസയുടെ കാലാവധി കഴിഞ്ഞാലുണ്ടാകുന്ന നിയമ നടപടികളും പിഴയും ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇതിനായി ഹജ്ജ് മന്ത്രാലയത്തിന്റെ eservices.haj.gov.sa എന്ന ലിങ്ക് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. മാര്‍ച്ച് 28 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. ഇത്തരത്തിൽ അപേക്ഷ സമര്‍പ്പിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി വിമാനസര്‍വീസുകൾ നിർത്തി വച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉംറയ്ക്ക് അടക്കം എത്തിയ വിദേശികള്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.