ടെഹ്റാന്‍: ഉക്രെയ്ൻ വിമാനം തകർത്തത് ഇറാന്‍ സേന തന്നെയാണെന്ന് സമ്മതിച്ച് സർക്കാർ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ടെഹ്റനിലെ ഖുമൈനിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നു വീണത്. 176 പേരാണ് കൊല്ലപ്പെട്ടത്. സാങ്കേതികപ്പിഴവ് മൂലമാണ് വിമാനം തകർന്നു വീണതെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നതെങ്കിലും മിസൈലേറ്റാണ് തകർന്നത് സ്ഥിരീകരിച്ചിരുന്നു.
ഇറാന്റെ മിസൈലേറ്റാണ് വിമാനം തകർന്നതെന്ന് തുടക്കം മുതൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. ഒടുവിൽ തെറ്റ് ഏറ്റുപറഞ്ഞ് ഇറാൻ സർക്കാർ രംഗത്തെത്തുകയായിരുന്നു. ഒരു സൈനികത്താവളത്തിന് നേരെ നടത്തിയ ആക്രമണം ലക്ഷ്യസ്ഥാനം മാറിയെന്നാണ് അറിയിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനം മാറി വിമാനത്തിലേക്ക് മിസൈൽ പതിക്കുകയായിരുന്നു. മനുഷ്യത്വപരമായ പിഴവാണ് ഉണ്ടായത്. ഇതിൽ മാപ്പു ചോദിക്കുന്നു. ഭാവിയില്‍ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അപകടത്തിന് കാരണക്കാരായവർക്ക് തക്കശിക്ഷ തന്നെ നല്‍കുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.
ഇറാൻ സൈനികമേധാവി ഖാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ഉക്രെൻ വിമാനത്തിന് നേരെ ആക്രമണമുണ്ടായത്. നിലവിലെ പ്രശ്നങ്ങളുടെ പ്രധാന കാരണവും ഖാസിം സുലൈമാനിയുടെ വധം തന്നെയാണെന്നാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി കുറ്റപ്പെടുത്തിയത്. പൊറുക്കാനാകാത്ത തെറ്റാണ് സംഭവിച്ചതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് അദ്ദേഹം വ്യക്തമാക്കി.