ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം: വാർത്തകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം

0
9

കുവൈത്ത് സിറ്റി: ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുതിയ യൂണിഫോം സ്വീകരിക്കുന്നുവെന്ന റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. സമീപകാല യോഗങ്ങൾ കേവലം ഏകോപന സെഷനുകൾ മാത്രമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ യോഗങ്ങളിൽ പോലീസ് യൂണിഫോമുകളുടെ വിവിധ നിർദ്ദിഷ്ട ഡിസൈനുകളും നിറങ്ങളും അവലോകനം ചെയ്തിരുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ ഡിസൈനുകൾ ഇപ്പോഴും പഠനത്തിലാണെന്നും ഔദ്യോഗിക യൂണിഫോമിന് അംഗീകാരം നൽകാനുള്ള അധികാരമുള്ള അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് സമർപ്പിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. പൊതുജനങ്ങളോടും മാധ്യമങ്ങളോടും വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.