ദക്ഷിണ എത്യോപ്യയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ 200 ലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഗോഫ സോണിലെ കെഞ്ചോ-ഷാച്ച പ്രദേശത്ത് തിങ്കളാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതുവരെ 148 പുരുഷന്മാരും 81 സ്ത്രീകളും മരിച്ചതായി സ്ഥിരീകരിച്ചതായി പ്രാദേശിക കമ്മ്യൂണിക്കേഷൻ അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റാണ് അറിയിച്ചത്. രക്ഷാപ്രവർത്തനത്തിന് ഇവിടേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നതായി ഹ്യുമാനിറ്റേറിയൻ ഏജൻസി വ്യക്തമാക്കി. ഒറ്റപ്പെട്ടതും പർവതപ്രദേശവുമായ ഉടത്താണ് ദുരന്തം നടന്നത്. അതിനാൽ അവിടെ എത്തിപ്പെടുന്നതും രക്ഷാപ്രവർത്തനത്തിന് സഹായമെത്തിക്കുന്നതും വളരെ ദുഷകരമാണ്. അപകടം നടന്നയുടൻ സ്ഥലത്ത് പ്രദേശവാസികളായ ജനങ്ങൾ അവരുടെ തൊഴിലുപകരണങ്ങളും കൈകളുമുപയോഗിച്ച് മണ്ണിനടിയിൽ നിന്നും രക്ഷാപ്രവർത്തനം നടത്തുന്നത് തൽസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളിൽ വ്യക്തമാണ് .