മസ്കറ്റ്: ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ മലയാളി യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ തലശ്ശേരി സ്വദേശി ബിജീഷ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.
മസ്കറ്റിൽ നിന്ന് 275കിലോമീറ്റർ അകലെയുള്ള ഖുബാറിലായിരുന്നു സംഭവം. വെള്ളപ്പാച്ചിൽ മുറിച്ചുകടക്കാൻ ശ്രമിക്കവെ യുവാക്കൾ സഞ്ചരിച്ച വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ തെരച്ചിൽ നടത്തിയെങ്കിലും യുവാക്കളുടെ വിവരം ഒന്നും ലഭിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ വീണ്ടും തെരച്ചിൽ ആരംഭിച്ചപ്പോൾ ആദ്യം ബിജേഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ സുജിത്തിന്റെയും.
ഇബ്രിയിലെ അറാക്കിയിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു യുവാക്കൾ. കോവിഡ് യാത്രാവിലക്കിന്‍റെ പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ ഒമാനില്‍ തന്നെ സംസ്കരിക്കാനാണ് സാധ്യത.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളപ്പാച്ചിലുകൾ മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ സുരക്ഷാ നിർദേശം പാലിക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.