മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ വിവിധ രാഷ്ട്ര നേതാക്കൾ മസ്ക്കറ്റിലെത്തി. തലസ്ഥാന ഗവർണറേറ്റിലെ അൽ ആലം കൊട്ടാരത്തിലെത്തിയാണ് കുവൈറ്റ് അമീർ ഉൾപ്പെടെയുള്ള പ്രമുഖ ലോക നേതാക്കൾ സുൽത്താന് ആദരം അറിയിച്ചത്. പുതിയ ഭരണാധികാരി സയ്യിദ് ഹൈതം ബിൻ താരിഖ് അൽ സഈദ് ആണ് ഇവരെ സ്വീകരിച്ചത്.
ഒരു സംഘം ഉദ്യോഗസ്ഥ പ്രമുഖരുമൊത്താണ് കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സുൽത്താന് ആദരം അറിയിക്കാൻ മസ്ക്കറ്റിലെത്തിയത്. ഇദ്ദേഹത്തിന് പുറമെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇറാൻ വിദേശകാര്യമന്ത്രി ഡോ. മുഹമ്മദ് ജവാദ് സരീഫ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ, യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൾസ് രാജകുമാരൻ, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻവാലസ്, മുൻ ഫ്രഞ്ച് പ്രസിഡൻറ് നികളസ് സാർകോസി, തുനീഷ്യൻ പ്രസിഡൻറ് കൈസ് സഇദ് തുടങ്ങിയരും അൽ ആലം കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗബാധിതനായിരുന്ന ഒമാൻ ഭരണാധികാരി അന്തരിച്ചത്.