ഓർമകളിൽ ലാറി ബേക്കർ

കടപ്പാട്: ജിൻസ് സ്കറിയ

0
167

1917 മാർച്ച് രണ്ടിന് ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ലാറി ബേക്കർ ജനിച്ചത്. ബെർമിങ്ഹാം സർവ്വകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ബിരുദം നേടിയശേഷം തൊഴിൽ പരിശീലനം നടത്തുന്നതിനിടയിലാണ് രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത്. എല്ലാ ബ്രിട്ടീഷ് പൗരന്മാരെയും പോലെ അദ്ദേഹത്തിനും നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടി വന്നു. കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയുടെ നിർമ്മാണത്തിന്റെ ഭാഗമായാണ് 1945 ൽ ബേക്കർ ഇന്ത്യയിൽ എത്തുന്നത്. പിന്നീട് 50 വർഷത്തോളം ഇന്ത്യയിലായിരുന്നു. അതിൽ ഏറെക്കാലം കേരളത്തിലും . കേരളത്തിൽ, തന്റെ സുഹൃത്തായ പി.ജെ.ചാണ്ടിയുടെ സഹോദരി ,ഡോ :എലിസബത്തിനെയാണ് വിവാഹം കഴിച്ചത് . അങ്ങിനെ കേരളവുമായുളള ബന്ധം കൂടുതൽ ദൃഢമായി. . എന്നാൽ പൗരത്വം ലഭിക്കുന്നതിന് അദ്ദേഹം 1989 വരെ കാത്തിരിക്കേണ്ടിവന്നു എന്നു മാത്രം.. ‘ഡാഡി’ എന്ന വിളിപ്പേരിലാണ് ലാറി ബേക്കറെ അധികംപേരും അറിയപ്പെട്ടിരുന്നത്. ബ്രിട്ടനിൽ ജനിച്ച് ഇന്ത്യയെ നിർമ്മിക്കാൻ നിയോഗിക്കപ്പെട്ട ആർക്കിടെക്ട് ആയിരുന്നു ലാറി ബേക്കർ.

ഇന്ത്യയിൽ പാർപ്പിട രംഗത്തെ മഹത്തായ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ച പ്രശസ്തനായ വാസ്തുശില്പി. കേരളത്തിന്റെ ഭൂപ്രകൃതിയും, കാലാവസ്ഥയും, ഉൾക്കൊണ്ട് ലാറി രൂപകൽപന ചെയ്ത വീടുകൾ ഒരു മഹത്തായ പാർപ്പിടസങ്കൽപ്പത്തിന്റെ ചവിട്ടുപടികളായിരുന്നു. ചെലവു കുറഞ്ഞ വീടുകൾക്ക് ജന്മം നൽകിയ അദ്ദേഹം സാധാരണക്കാരുടെ വാസ്തുശില്പി എന്ന വിഖ്യാതി നേടി. കോൺക്രീറ്റ് കെട്ടിടങ്ങളുടെ മുകളിൽ ഓടു വിരിച്ച് മോടി കൂട്ടുന്ന രീതി കേരളം ശീലിച്ചതും ഈ വിദേശിയനിൽ നിന്നുമാണ്. അതത് പ്രദേശത്ത് ലഭ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് വീടുവയ്ക്കുന്ന രീതിയായിരുന്നു ഇദ്ദേഹത്തിന്റേത്. അതിന് ഗാന്ധിജിയുടെ ആദർശമായിരുന്നു ലാറിക്കും. അതുകൊണ്ട് – ‘ആർക്കിടെക്ചർ മേഖലയിലെ ഗാന്ധി ” എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.മുൻ മുഖ്യമന്ത്രിയായിരുന്ന സി.അച്ചുതമേനോൻ -പാവപ്പെട്ടവർക്ക് വീട് വെയ്ക്കുന്നതിനായി ഒരു ഭവന പദ്ധതി തന്നെ ലാറിയെ ഏല്പിക്കുകയുണ്ടായി.1987 ൽ ഇന്ത്യൻ നാഷണൽ ഹാബിറ്റാറ്റ് അവാർഡ്, 1992 ൽ ഐക്യരാഷ്ട്രസഭയുടെ ഹാബിറ്റാറ്റ് അവാർഡ്,1990 ൽ ഗ്രാന്റ്മാസ്‌റ്റേഴ്സ് പുരസ്കാരം എന്നിവയും, തിരുപ്പതി വെങ്കിടേശ്വര സർവ്വകലാശാല, സെൻട്രൽ ഇംഗ്ലണ്ട് സർവ്വകലാശാല എന്നിവയുടെ ഡോക്ടറേറ്റ് പുരസ്കാരം .ഹോളണ്ടിലെ റോയൽ സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നും ഡിലിറ്റ് പുരസ്കാരവും മററനവധി പുരസ്കാരങ്ങളും കൂടാതെ 1990 ൽ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.  ഇന്ത്യയിൽ ഉടനീളം നിരവധി കുഷ്ഠരോഗാ ശുപത്രികൾ, ലക്നൗവിലെ സാക്ഷര ഗ്രാമം, വെല്ലൂർ CMS ചാപ്പൽ , മദ്രാസിലെ അണ്ണാ യൂണിവേഴ്സിറ്റി കെട്ടിടം, സൂറത്തിലെ സാമൂഹിക പഠനകേന്ദ്രം, തിരുവനന്തപരത്തെ ഭാഷാ ഇൻസ്റ്റിട്യൂട്ട്, ലയോള സ്കൂൾ, ഇന്ത്യൻ കോഫി ഹൗസ്, ഉള്ളൂരിലെ സെന്റർ ഫോർ സ്റ്റഡീസ് കെട്ടിടം, പൊൻമുടിയിലെ ടൂറിസ്റ്റ് സെന്റർ, ചിത്രലേഖാ ഇൻസ്റ്റിട്യൂട്ട്., കൊല്ലം ജില്ലാ പഞ്ചായത്തുമന്ദിരം, അലഹബാദ് കാർഷിക സർവ്വകലാശാല, ലാത്തൂരിലെ കെട്ടിടങ്ങൾ (ഭൂമി കുലുക്കത്തെ പ്രതിരോധിക്കുന്നത് ) എല്ലാം അദ്ദേഹത്തിന്റെ അസാമാന്യ വൈഭവത്തെ തെളിയിക്കുന്നതാണ്.2007 ഏപ്രിൽ ഒന്നിന് തൊണ്ണൂറാമത്തെ വയസ്സിൽ ലാറി ബേക്കർ തിരുവനന്തപുരത്ത് അന്തരിച്ചു.