കല(ആർട്ട്‌) കുവൈറ്റ് – “കേരളീയം-2019” മെയ്- 3 ന്  

0
20

 

കല(ആർട്) കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം “കേരളീയം-2019” മെയ്-3 ആം തിയ്യതി വെള്ളിയാഴ്ച്ച വൈകീട്ട് 5  മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ്‌ ഇന്ത്യൻ സ്കൂളിനു സമീപമുള്ള ഓക്‌സ്‌ഫോർഡ്‌ പാകിസ്താനി ഇംഗ്ലീഷ് സ്കൂൾ ഹാളിൽ വെച്ച് നടത്തുന്നു. 2018-ലെ കല(ആർട്ട്‌) കുവൈറ്റ് – സാംബശിവൻ പുരസ്കാരം കരസ്ഥമാക്കിയ ഫാ. ഡേവിസ് ചിറമേല്‍, കുവൈറ്റ് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. മുസ്തഫ അൽ മൊസാവി എന്നിവർ ചടങ്ങിൽ മുഖ്യാഥിതി ആയിരിക്കും. അവയവദാന അവബോധ സെമിനാറും സാംസ്‌കാരിക സമ്മേളനവും, സാംബശിവൻ പുരസ്കാര സമർപ്പണവും, കുവൈറ്റിലെ പ്രമുഖ താരങ്ങൾ ഒരുക്കുന്ന വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിയുടെ ഭാഗമായുണ്ടായിരിക്കും. ഡോ. മുസ്തഫ അൽ മൊസാവി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിക്കും.

കഥാപ്രസംഗരംഗത്തെ അതികായൻ പ്രൊഫ: വി. സാംബശിവന്റെ സ്മരണക്കായി ‘കല(ആർട്ട്) കുവൈറ്റ്’, കലാ-സാഹിത്യ സാംസ്‌കാരിക സാമൂഹിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്ത വ്യക്തിത്വങ്ങൾക്കായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ജീവകാരുണ്ണ്യ രംഗത്തു മൂന്നു പതിറ്റാണ്ടിലധികമായി ഫാ. ഡേവിസ് ചിറമേല്‍ നൽകിവരുന്ന സമഗ്ര സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന്ന് അർഹനാക്കിയത്. സ്വയം വൃക്കദാനത്തിലൂടെ ഒരു യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ആക്സിഡന്റ് കെയര്‍ ട്രാന്‍സ്പോര്‍ട്ട് (ആക്ട്സ്) തുടങ്ങിയ സംഘടനകള്‍ ആരംഭിക്കുകവഴി മനുഷ്യസ്നേഹത്തിന്റെ പുണ്യം സഹജരിൽ നിറക്കുകയും ചെയ്ത വ്യക്തിയാണ് ഫാ. ഡേവിസ് ചിറമേല്‍.

സഹജീവികളോട് കരുണ കാണിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട്, അവയവദാനം മഹാദാനമെന്ന പ്രത്യാശാ സന്ദശം പകര്‍ന്നു ഫാ.  ഡേവിസ് ചിറമേല്‍ നടത്തുന്ന ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ മാനവസേവനത്തിന്റെ ഉദാത്ത മാതൃകയാണ് ലോകത്തിന് കാട്ടിത്തന്നത്.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കല(ആര്ട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി. പി., ജനറൽ സെക്രട്ടറി പി. കെ. ശിവ കുമാർ ജനറൽ കൺവീനർ രാഗേഷ് പി. ഡി. എന്നിവർ അറിയിച്ചു.