കല കുവൈറ്റ് സാഹിത്യോത്സവം സംഘടിപ്പിച്ചു

 

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി സാഹിത്യോത്സവം സംഘടിപ്പിച്ചു.
അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്ന നടന്ന മത്സരങ്ങളിൽ അൻപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. അക്കാദമിക സാഹിത്യ രംഗത്ത് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും നിലവിൽ പബ്ലിക് സർവീസ് കമ്മിഷൻ അംഗവുമായ ജിനു സക്കറിയ ഉമ്മൻ സാഹിത്യോത്സവം ഉത്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സെക്രട്ടറി ടി കെ സൈജു സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡന്റ്‌ ടി വി ഹിക്മത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരനും കല കുവൈത് പ്രവർത്തകനുമായ സാം പൈനുംമൂട് ആശംസകളർപ്പിച്ചു സംസാരിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ആശാലത ബാലകൃഷ്ണൻ മത്സരങ്ങളെക്കുറിച്ചുള്ള വിശദീകരണം നൽകി. പരിപാടിക്ക് അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് നന്ദി അർപ്പിച്ചു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായി രചനാമത്സരങ്ങളും കവിതാപാരായണ മത്സരവുമാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നത്.കവിതാപാരായണ മത്സരത്തിൽ രാജീവ്‌ ചുണ്ടമ്പറ്റ ഒന്നാം സമ്മാനവും, ദേവി ഗോപാലകൃഷ്ണൻ നായർ, ലിജി ചാക്കോ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥനങ്ങൾ കരസ്ഥമാക്കി. രചനാ മത്സരങ്ങളുടെ ഫലം ഉടനെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സര വിജയികൾക്കുള്ള സമ്മനദാനം കല കുവൈറ്റ്‌ സംഘടിപ്പിക്കുന്ന ഒക്ടോബർ അനുസ്മരണ പരിപാടിയിൽ വെച്ച് നടക്കും. മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ സാഹിത്യോത്സവം കുവൈറ്റിലെ സാഹിത്യപ്രേമികൾക്കു വേറിട്ട ഒരനുഭവമായി മാറി.