കള്ളവോട്ട് ചെയ്തുവെന്ന ആരോപണം പച്ചനുണയാണെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി

0
18

കല്യാശേരി നിയോജക മണ്ഡലത്തിലെ ചില ബൂത്തുകളിൽ പഞ്ചായത്തംഗമുൾപ്പടെയുള്ളവർ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം പച്ചനുണയാണെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്വന്തം വോട്ടിനോടൊപ്പം; പരസഹായമില്ലാതെ വോട്ട് ചെയ്യാൻ കഴിയാത്തവരുടെ കൂടെപോയി പോളിങ‌് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഓപ്പൺ വോട്ടുചെയ്യുകയാണുണ്ടായത്. ദൃശ്യങ്ങൾ അടർത്തിയെടുത്ത് കൂട്ടിയോജിപ്പിച്ച് കള്ളവോട്ട് ചെയ‌്തെന്ന വ്യാജപ്രചാരണമാണ് ചില മാധ്യമങ്ങൾ നടത്തിയത്. ഇത്തരം പ്രചാരകർക്കെതിരെ ഓപ്പൺവോട്ട‌് ചെയ‌്തവർ നിയനടപടി സ്വീകരിക്കും.  യുഡിഎഫിന്റെ രാഷ്ട്രീയ അജൻഡയ‌്ക്കുവേണ്ടി വ്യാജ വാർത്തകൾ സൃഷ്ടിച്ച് ‘ബ്രേക്കിങ‌് ന്യൂസ‌്’  നൽകുന്നത് മാധ്യമ ധർമമല്ലെന്നും ജയരാജൻ പറഞ്ഞു.

ചെറുതാഴം പഞ്ചായത്തംഗമായ എം വി സലീന ജനങ്ങൾക്ക് സുപരിചിതയാണ്. പതിനേഴാം നമ്പർ ബൂത്തിലെ 822–ാം- നമ്പർ വോട്ടറായ അവർ സ്വന്തം വോട്ടിനുപുറമേ 19–-ാം നമ്പർ ബൂത്തിലെ 29–-ാം നമ്പർ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പൺ വോട്ട് ചെയ്തിട്ടുണ്ട്. ഒരേ കെട്ടിടത്തിലാണ് ഈ രണ്ട് ബൂത്തുകളും. മുൻ പഞ്ചായത്തംഗമായ കെ പി സുമയ്യയാവട്ടെ 24–-ാം നമ്പർ ബൂത്തിലെ 315–-ാം നമ്പർ വോട്ടറാണ്. പിലാത്തറ യുപി സ‌്കൂളിലെ 19–-ാം നമ്പർ ബൂത്ത് കേന്ദ്രീകരിച്ചാണ് സുമയ്യ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. പിലാത്തറയിൽ മുമ്പ് താമസിച്ചിരുന്നവരും ചെറുതാഴം പഞ്ചായത്തിലെ മുൻ അംഗവുമാണിവർ. ഇതിനാലാണ‌് 19–-ാം നമ്പർ ബൂത്ത് എജന്റായി നിശ്ചയിച്ചത്.

ഇതേ ബൂത്തിലെ 301–-ാം നമ്പർ വോട്ടർ സി ശാന്ത ആവശ്യപ്പെട്ടതനുസരിച്ച് ഓപ്പൺ വോട്ട് ചെയ്യുകയായിരുന്നു. 19–-ാം നമ്പർ ബൂത്ത് എജന്റാണ് മൂലക്കാരൻ കൃഷ്ണൻ. ഇവിടുത്തെ 189–-ാം നമ്പർ വോട്ടറായ കൃഷ്ണന്റെ ആവശ്യത്തെ തുടർന്ന് മൂലക്കാരൻ കൃഷ്ണൻ ഓപ്പൺവോട്ട് ചെയ്തിട്ടുണ്ട്. പിലാത്തറ പട്ടണത്തിൽ വർഷങ്ങളായി വ്യാപാരം നടത്തുന്നയാളാണ് കെ സി  രഘുനാഥ്. 19ാം നമ്പർ ബൂത്തിലെ 994–-ാം നമ്പർ വോട്ടറായ ശാരീരിക അവശതയുളള ഡോ. കാർത്തികേയനെ വാഹനത്തിൽ കയറ്റി ഓപ്പൺ വോട്ട് ചെയ്യുന്നതിനായി കൊണ്ടുവരികയുണ്ടായി. രോഗികൂടിയായ വോട്ടറെ വാഹനത്തിൽനിന്ന് ഇറക്കുന്നതിലുളള പ്രയാസം പ്രിസൈഡിങ‌് ഓഫീസറെ അറിയിക്കുന്നതിനാണ് ബൂത്തിന്റെ കതകിന‌് സമീപം കെ സി  രഘുനാഥ് പോയത്.

നിയമാനുസൃതം ഓപ്പൺ വോട്ടുചെയ‌്തതിനെയാണ‌് കള്ളവോട്ടായി ചിത്രീകരിക്കുന്നത‌്.  ഇവിടെ  പരാമർശിക്കപ്പെട്ടവരുടെയെല്ലാം ഇടതു കൈക്കും വലതു കൈക്കും മഷിയടയാളമുണ്ടെന്നത‌ുതന്നെ കള്ളപ്രചാരകർക്കുള്ള മറുപടിയാണ‌്.  പാർലമെന്റ‌്  തെരഞ്ഞെടുപ്പിൽ കനത്ത പരാജയം മണത്ത യുഡിഎഫ് അതുമറികടക്കാൻ പല പൊടിക്കൈകളും ഇറക്കുകയാണ്. ഇതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. തങ്ങൾ പരാജയപ്പെടുമ്പോൾ എല്ലാകാലത്തും യുഡിഎഫ് ഉയർത്തുന്ന ആരോപണമാണ് കള്ളവോട്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായ ജനങ്ങളെ പരിഹസിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും എം വി ജയരാജൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ ചന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.