കാൻസർ സ്ഥിരീകരിക്കാതെ കീമോ ചെയ്ത് മെഡിക്കൽ കോളേജ്; ദുരിതം പേറി യുവതി

0
6

പന്തളം കുടശനാട് സ്വദേശിനിയായ യുവതിക്ക് കാൻസർ സ്ഥിരീകരിക്കാതെ കീമോതെറാപ്പി ചെയ്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കീമോതെറാപ്പി ആരംഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെയും, തിരുവനന്തപുരം ആർസിസിയിലെയും പരിശോധനയിൽ കാൻസറില്ലെന്ന് കണ്ടെത്തിയതോടെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. എന്നാൽ പ്രാഥമികമായി നടത്തിയ മൂന്ന് ടെസ്റ്റുകളിലും പോസിറ്റീവ് റിസൾട്ട് അയതിനാലാണ് ചികിത്സ നടത്തിയതെന്നാണ് ആശുപത്രി അതികൃതരുടെ വിശദീകരണം.

രോഗമില്ലാതെ കാൻസറിന്റെ ചികിത്സയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ പരിണിതഫലമാണ് കുടശനാട് സ്വദേശിനി രജനിയുടെ ശരീരത്തിൽ ഉള്ളത്. ആദ്യ തവണ ചെയ്ത കീമോതെറാപ്പിക്ക് പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥകളും. ഇല്ലാത്ത കാൻസറിന്റെ പേരിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിൽസയുടെ ശേഷിപ്പാണ് ഇത്. മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.

പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളേജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിത്സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.

വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തി. കാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.

അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് രജനിയും കുടുംബവും.