ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിൽ സ്പിതി നദിയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 4,166 മീറ്റർ ഉയരത്തിൽ മനോഹരമായ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ടിബറ്റൻ ബുദ്ധ വിഹാരമാണ് കീ ഗോമ്പ. ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി ജില്ലകളിൽ ഏറ്റവും പഴക്കമേറിയതും വലുതുമായതും ലാമകൾക്കുള്ള മത പരിശീലന കേന്ദ്രം എന്ന പ്രത്യേകതയും ഈ മഠത്തിനുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിൽ പ്രശസ്ത അദ്ധ്യാപകനായ അതിഷയുടെ ശിഷ്യനായ ഡ്രോംടൺ (ബ്രോം-സ്റ്റൺ, 1008-1064 CE) ആണ് കീ ഗോമ്പ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, 14-ആം നൂറ്റാണ്ടിൽ മംഗോളിയൻ സഹായത്തോടെ സാക്യ വിഭാഗം അധികാരത്തിൽ വന്നപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കാൻ സാധ്യതയുള്ളതായി വിശ്വസിക്കപ്പെടുന്നു. ആശ്രമത്തിന് കുറഞ്ഞത് ആയിരം വർഷമെങ്കിലും പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 2000-ൽ ദലൈലാമയുടെ സാന്നിധ്യത്തിൽ സഹസ്രാബ്ദത്തിൻ്റെ ആഘോഷം ഉണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ അഞ്ചാം ദലൈലാമയുടെ ഭരണകാലത്ത് കീ ഗോമ്പയെ മംഗോളിയക്കാർ പതിവായി ആക്രമിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്ന വിവിധ സൈന്യങ്ങൾ ഇത് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. 1840-കളിൽ വിനാശകരമായ ഒരു തീപിടിത്തമുണ്ടായി. 1975-ൽ ശക്തമായ ഭൂകമ്പം കെട്ടിടത്തിന് കൂടുതൽ കേടുപാടുകൾ വരുത്തി. ആശ്രമത്തിന് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ ഫലമായി, പതിവ് പുനരുദ്ധാരണ പ്രവർത്തനങ്ങളും പുനർനിർമ്മാണ പ്രവർത്തനങ്ങളും ക്രമരഹിതമായ കെട്ടിട ഘടനയ്ക്ക് കാരണമായി. ഒരു ആശ്രമം എന്നതിലുപരി ഒരു പ്രതിരോധ കോട്ടയുടെ രൂപമാണ് കെട്ടിടത്തിനുള്ളത്. ഇന്ന്, ആശ്രമം ലാമകൾക്കുള്ള പ്രശസ്തമായ മത പരിശീലന കേന്ദ്രമാണ്.
14-ആം നൂറ്റാണ്ടിൽ ചൈനീസ് സ്വാധീനം കാരണം പ്രചാരത്തിൽ വന്ന സന്യാസ വാസ്തുവിദ്യയുടെ അത്ഭുതകരമായ ഉദാഹരണമാണ് ഈ മഠം. പതിവ് അധിനിവേശങ്ങൾ ഒന്നിനു മുകളിൽ ഒന്നായി ക്ഷേത്രങ്ങൾ നിർമ്മിച്ചു. താഴ്ന്ന മുറികൾ,ഇടുങ്ങിയ ഇടനാഴികൾ മങ്ങിയ വെളിച്ചമുള്ള വഴികൾ, കയറാൻ ബുദ്ധിമുട്ടുള്ള ഗോവണിപ്പടികൾ, ചെറിയ വാതിലുകൾ എന്നിവ പൂജാമുറികളിലേക്ക് ചെന്ന് ചേരുന്നു.
ആശ്രമത്തിൻ്റെ ചുവരുകൾ മനോഹരമായ ചിത്രങ്ങളും ചുവർചിത്രങ്ങളും, തങ്കാസ് (പെയിൻ്റ് ചെയ്തതോ എംബ്രോയ്ഡറി ചെയ്തതോ ആയ ടിബറ്റൻ ബാനർ), വിലപിടിപ്പുള്ള കൈയെഴുത്തുപ്രതികൾ, സ്റ്റക്കോ ചിത്രങ്ങൾ, അതുല്യമായ കുഴൽ ഉപകരണങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു. അക്രമികളിൽ നിന്ന് ആശ്രമത്തെ പ്രതിരോധിക്കാൻ ഉപയോഗിച്ച ആയുധങ്ങളുടെ ഒരു ശേഖരവും ഇവിടെയുണ്ട്. വേനൽക്കാലത്ത് ചാം അവതരിപ്പിക്കുമ്പോൾ കുഴൽ വാദ്യോ ഉപകരണങ്ങൾ ഇപ്പോഴും ഉപയോഗിക്കാറുണ്ട്. കാസയിൽ നിന്ന് 12 കിലോമീറ്റർ വടക്ക് മാറിയും മണാലിയിൽ നിന്ന് കാസയിലേക്ക് 210 കിലോമീറ്റർ സഞ്ചരിച്ചാൽ ആണ് ഈ ആശ്രമത്തിലെത്തുന്നത്. അവിടെ നിന്ന് ദിവസേനയുള്ള ബസുകൾ സഞ്ചാരികളെ മൊണാസ്ട്രിയിലേക്ക് കൊണ്ടുപോകുന്നു.