കുവൈറ്റിൽ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റ്: യുഎഇയ്ക്കും ബഹ്റൈനും പിന്നാലെ കുവൈറ്റിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു സ്വദേശി ഉള്‍പ്പെടെ മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിച്ച വിവരം കുവൈറ്റ് ആരോഗ്യ മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ നഗരമായ മഷ്ഹദിൽ നിന്നെത്തിയവരാണിവർ.

‘ഒരാൾ 53വയസുകാരനായ കുവൈറ്റ് പൗരനാണ്. മറ്റൊരാൾ 61 വയസുള്ള സൗദി സ്വദേശിയും. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്’ എന്നാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ച് മൂന്നാമത്തെയാൾ 21കാരനായ യുവാവാണ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മൂന്ന് പേരും ഐസോലേഷൻ വാർഡിൽ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പൂർണ്ണമായും രോഗമുക്തിയാകുന്നത് വരെ ഇങ്ങനെ തന്നെ തുടരുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.