കുവൈറ്റ്: പെട്ടെന്നുള്ള യാത്രാവിലക്കിനെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ. കുവൈറ്റിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഇനി അധിക ചാർജില്ലാതെ തന്നെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമൊരുക്കി എയർ ഇന്ത്യ. കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
കോവിഡ് 19 കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ച നീണ്ട വിലക്ക് കഴിഞ്ഞ ദിവസം അർദ്ധ രാത്രി മുതലാണ് നിലവിൽ വന്നത്. കുവൈറ്റിലേക്ക് മടങ്ങാനെത്തിയ പല പ്രവാസികളും വിമാനത്താവളത്തിൽ വന്ന ശേഷം മാത്രമാണ് വിലക്കിനെ കുറിച്ചറിയുന്നത്. പെട്ടെന്നുള്ള വിലക്കിൽ പ്രതിസന്ധിയിലായ യാത്രക്കാരെ സഹാക്കാനുള്ള സൗകര്യവുമായെത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സപ്രസ്.