കുവൈറ്റ് സിറ്റി :കോഴിക്കോട് ഡിസ്‌ട്രിക്‌ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. കുവൈറ്റിലെ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം അംബാസ്സഡർക്കു സമർപ്പിച്ചു.
വിവിധങ്ങളായ വിഷയങ്ങൾ ചർച്ചയിൽ ഉന്നയിക്കപ്പെട്ടതോടൊപ്പം കോഴിക്കോട്ടേക്ക് നേരിട്ടുള്ള എയർ ഇന്ത്യാ എസ്പ്രെസ്സിനു പുറമെ കുവൈറ്റിന്റെ ഔദ്യോഗിക വിമാന കമ്പനികളായ കുവൈറ്റ് എയർവെയ്സ്, ജസീറ എയരിന്റെയും കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് എന്ന പ്രവാസികളുടെ ദീർഘകാല ആവശ്യം അവതരിപ്പിക്കുകയും ചെയ്തു.അതോടൊപ്പം തന്നെ കുവൈറ്റിൽ മരണപ്പെട്ട ഒരു ഹതഭാഗ്യന്റെ കുടുംബത്തിന് ലഭ്യമാക്കേണ്ട സഹായം അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തുകയുമുണ്ടായി. വിഷയങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.കുവൈറ്റിന്റെ ദേശീയ വിമോചന ദിനത്തോടനുബന്ധിച്ചു വർഷങ്ങളായി കെ.ഡി.എൻ.എ നടത്തി വരുന്ന മലബാർ മഹോത്സവത്തെ അദ്ദേഹം പ്രശംസിച്ചു.കുവൈറ്റിൽ നിയമിതനായതിനു ശേഷം ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എംബസി ഏർപ്പെടുത്തിയ ക്രമീകരണങ്ങളെ അസോസിയേഷൻ ശ്ലാഘിച്ചു.അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിലിന്റെ നേതൃത്വത്തിൽകൃഷ്‌ണൻ കടലുണ്ടി, സുബൈർ എം.എം, ബഷീർ ബാത്ത, അസ്സീസ് തിക്കോടി, സന്തോഷ് പുനത്തിൽ, സുരേഷ് മാത്തൂർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.