കൊറോണ ഭീതി: കുവൈറ്റിലെ മുഴുവൻ കത്തോലിക്ക ദേവാലയങ്ങളും അടച്ചു

0
6

കുവൈറ്റ്: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കുവൈറ്റിലെ മുഴുവൻ കത്തോലിക്കാ ദേവാലയങ്ങളും അടച്ചു. മാർച്ച് ഒന്നു മുതല്‍ 14 വരെ പള്ളികള്‍ തുറക്കില്ലെന്ന് വികാരി ജനറൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനകള്‍, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവയും ഉണ്ടായിരിക്കില്ല. ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തി സ്ഥിതി ഗതികൾ സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയ ശേഷമാകും മാർച്ച് 14നു ശേഷം പള്ളികൾ തുറക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകു എന്നാണ് സൂചന.

ക്രിസ്ത്യൻ വിശ്വാസികൾക്ക് ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വലിയ നോമ്പുകാലമാണിത്. വിശുദ്ധ കുർബാനകൾ ടി വി ചാനലുകൾ വഴി കാണാൻ വിശ്വാസികള്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ കുരിശിന്റെ വഴി പ്രാര്‍ഥനകൾ ഭവനങ്ങളിൽ തന്നെ നടത്തണമെന്നും.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കുവൈറ്റിൽ നിന്നാണ്. ആ സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാൻ കർശന പ്രതിരോധ പ്രവർത്തനങ്ങളാണ് രാജ്യം നടത്തുന്നത്. വൈറസ് വ്യാപനം തടയാൻ ആളുകൾ കൂട്ടായ്മകള്‍ പരമാവധി ഒഴിവാക്കണമെന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പള്ളികൾ അടച്ചിടാനുള്ള തീരുമാനം.