കൊറോണ ഭീതി: സ്കൂളുകളുടെ അവധി രണ്ടാഴ്ച കൂടി നീട്ടുമെന്ന് റിപ്പോർട്ടുകൾ

കുവൈറ്റ്: കൊറോണ വൈറസ് പശ്ചാത്തലത്തിൽ കുവൈറ്റിലെ സ്കൂളുകൾക്ക് പ്രഖ്യാപിച്ച അവധി രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ. കരിക്കുലം വെട്ടിക്കുറച്ച് സ്കൂളുകളുടെ അവധി നീട്ടണമെന്ന നിര്‍ദേശം മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധികൾക്ക് ശേഷം മാർച്ച് ഒന്നു മുതലാണ് അവധി പ്രഖ്യാപിച്ചത്. ഇത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനുള്ള ചർച്ചകൾ നടക്കുന്നുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

രാജ്യത്ത് 56 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.