കോവിഡ് 19: കുവൈറ്റിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 80 പേർക്ക്

കുവൈറ്റ്: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കുവൈറ്റില്‍ എട്ട് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ.അബ്ദുള്ള അൽ സനദ് വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ച എട്ട് പേരിൽ മൂന്ന് പേർ ഇറാനിൽ നിന്ന് മടങ്ങിയെത്തിയ സ്വദേശികളാണ്. മറ്റ് അഞ്ച് പേർ ഈജിപ്ഷ്യൻ സ്വദേശികളും. ഇവര്‍ അസര്‍ബൈജാനിൽ നിന്ന് ദുബായ് വഴി കുവൈറ്റിലെത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ പൂര്‍ണ്ണ രോഗമുക്തരായെന്നും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചിട്ടുണ്ട്.

ചികിത്സയിൽ കഴിയുന്നവരിൽ നാല് പേര്‍ ഐസിയുവിലുണ്ട്. ഇതിലൊരാളുടെ നില ഗുരുതരമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 918 പേരാണ് ക്വാറന്റൈൻ സെന്ററുകളിൽ കഴിയുന്നതെന്നും സനദ് അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈറ്റിൽ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ വിമാന സര്‍വീസുകളും ഉണ്ടാകില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.