കോവിഡ് 19: കേരളത്തിൽ 12 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു

0
6

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍‌ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ പശ്ചാത്തലത്തിൽ എല്ലാദിവസവും നടത്തുന്ന അവലോകനയോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലവിലെ സ്ഥിതി വിശദീകരിച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശികളാണ്. വിനോദസഞ്ചാരത്തിനെത്തിയ 17 അംഗ ബ്രിട്ടീഷ് സംഘത്തിൽപ്പെട്ടവരാണിത്. ഇതിലൊരാൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 60-85 വയസിനിടെ പ്രായമുള്ളവരാണ് രോഗബാധിതരെന്ന് നേരത്തെ തന്നെ മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചിരുന്നു. ഇതിലൊരാള്‍ സ്ത്രീയാണ്.

രോഗം ബാധിച്ച് മറ്റ് ഏഴ് പേരിൽ ആറ് പേർ കാസര്‍ഗോഡ് സ്വദേശികളും ഒരാൾ പാലക്കാട് സ്വദേശിയുമാണ്. ഇന്നത്തെ പോസിറ്റീവ് റിപ്പോർട്ടുകൾ കൂടി വന്നതോടെ കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.

സംസ്ഥാനത്ത് 44390 പേർ നിരീക്ഷണത്തിലുള്ളതായും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിൽ 44165 പേർ വീട്ടിലും 225 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.