കോവിഡ് 19: വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർക്ക് സർക്കാരിന്റെ മാർഗ നിർദേശങ്ങൾ

0
5

കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. രോഗികളുമായി സമ്പർക്കം പുലർത്തിയ രോഗലക്ഷണമില്ലാത്തവരെ രോഗം വരാനുള്ള സാധ്യത കണക്കിലെടുത്ത് വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രധാന മാർഗ നിർദേശങ്ങൾ‌:

∙ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.

∙ രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

∙ രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.

∙ രോഗിയെ സ്പര്‍ശിച്ചതിനു ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുക്കുക.

∙ കൈകള്‍ തുടയ്ക്കുവാനായി പേപ്പര്‍ ടവല്‍, തുണികൊണ്ടുള്ള ടവല്‍ എന്നിവ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍, ടവലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണ്.

∙ രോഗലക്ഷണമുള്ളവര്‍ വായൂസഞ്ചാരമുള്ള മുറിയില്‍ തന്നെ കഴിയേണ്ടതാണ്.

∙ പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ലീച്ചിങ് ലായനി (1 ലീറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍) ഉപയോഗിച്ചു പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.

∙ ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല, തോര്‍ത്ത്, തുണി എന്നിവ കൊണ്ടു വായും മൂക്കും മറയ്‌ക്കേണ്ടതും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്. സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കാതിരിക്കുക.

∙ നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം തുടങ്ങിയവയും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.

∙ രോഗ ലക്ഷണം പ്രകടമാകുന്നവര്‍ കോവിഡ്–19 കോള്‍ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഒരു കാരണവശാലും പൊതുഗതാഗത സമ്പ്രദായമുപയോഗിച്ച് ആശുപത്രിയിലെത്തരുത്.

∙ കോവിഡ് 19 കോള്‍ സെന്ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലേക്കോ ദിശയിലെ 2552056 എന്ന നമ്പരിലേക്കോ വിളിച്ചാല്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതാണ്. ഇതുകൂടാതെ ജില്ലാ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

ഇതിന് പുറമെ ആറ് ഹെല്‍പ് ലൈൻ നമ്പറുകളും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്

∙ 0471 2309250
∙ 0471 2309251
∙ 0471 2309252
∙ 0471 2309253
∙ 0471 2309254
∙ 0471 2309255