കൗമാര കലകളുടെ ഉത്സവമായി കല കുവൈറ്റ്‌ ബാലകലാമേള-2019

0
70
കുവൈറ്റ്‌ സിറ്റി: നാൽപത്തി ഒന്നാം  വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച ബാലകലാമേള-2019  കൗമാര കലകളുടെ ഉത്സവമായ്‌ മാറി. അബ്ബാസിയ യുണൈറ്റഡ്‌ സ്കൂളിൽ 9 വേദികളിലായ്‌ നടന്ന മൽസരങ്ങളിൽ കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാർത്ഥികൾ മാറ്റുരച്ചു.
കല കുവൈറ്റ്‌ പ്രസിഡന്റ്‌ ടി.വി.ഹിക്മത്തിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലാമേളയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി അറ്റാഷെ  റംമിനിക്ക് സിങ്  നിർവ്വഹിച്ചു. കലാമേളയുടെ മുഖ്യ പ്രായോജകരായ ബി.ഇ.സി അബ്ബാസിയ ഏരിയ മാനേജർ റിനോഷ്, കല കുവൈറ്റ് ജനറൽ സെക്രട്ടറി  ടി.കെ.സൈജു  എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. ബാലകലാമേള ജനറൽ കൺവീനർ  ജോർജ്ജ്  തൈമണ്ണിൽ  സ്വാഗതവും, ട്രഷറർ  കെ.വി. നിസാർ നന്ദിയും രേഖപ്പെടുത്തി.
മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ മികച്ച  പങ്കാളിത്തമാണു മേളയിൽ ഉണ്ടായത്‌. എല്ലാ മൽസര ഇനങ്ങളുടേയും ഫല പ്രഖ്യാപനവും, സമ്മാനദാനവും പ്രത്യേകം  തയ്യാറാക്കിയ വേദിയിൽ വെച്ച്‌ നടന്നു. കലാതിലകം, കലാപ്രതിഭ, ഏറ്റവും കൂടുതൽ പോയിന്റ്‌ നേടിയ സ്കൂൾ എന്നിവർക്കുള്ള ഉപഹാരങ്ങൾ,‌ മെയ്‌ മൂന്നിന് ഖാലിദിയ്യ യൂണിവേഴ്സിറ്റി തിയറ്ററിൽ വെച്ച് നടക്കുന്ന കല കുവൈറ്റ്‌ മെഗാ പരിപാടിയായ “പ്രയാണം-2019 ” വേദിയിൽ വെച്ച്‌ സമ്മാനിക്കും.
കിന്റർഗാർഡൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മോണോആക്ട്,  കഥ പറയൽ മത്സരം, രചനാ മൽസരങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ്  കലാമേള അരങ്ങേറിയത്‌. മൽസര ഫലങ്ങൾ കല കുവൈറ്റ്‌ വെബ്സൈറ്റായ www.kalakuwait.com ൽ ലഭ്യമാണെന്നും  ഭാരവാഹികൾ അറീയിച്ചു.