കുവൈത്ത് സിറ്റി : ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) സഹോദര രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ നടന്ന ഫലപ്രദമായ ചർച്ചകളെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യ.ജിസിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിച്ച് രാജ്യങ്ങൾ തമ്മിലുള്ള ഐക്യം മെച്ചപ്പെടുത്തുമെന്ന കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ സബയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അനുരാഗ ശ്രീവാസ്തവ.വിഷയത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രഖ്യാപനങ്ങളും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു
എല്ലാ ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ നാഗരിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾ പങ്കിടുന്നതായും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
സമീപകാല ചർച്ചകളിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനങ്ങളുടെ പ്രയോജനത്തിനായി ജിസിസി പ്രതിസന്ധിക്ക് അന്തിമവും ശാശ്വതവുമായ പരിഹാരം ആവശ്യമാണെന്ന് നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി മാധ്യസ്ഥം വഹിച്ച കുവൈത്തിനെ ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും പ്രശംസിച്ചിരുന്നു.