ട്വന്റി-20 ലോകകപ്പിൽ രണ്ടാം തവണയും താരമായി 16കാരി

മെൽബൺ: ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും മികച്ച താരമായി ഷെഫാലി വർമ. സെമി ഫൈനല്‍ മത്സരത്തിൽ ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഈ പതിനാറുകാരിയുടെ മികവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണറായി ഇറങ്ങിയ ഷെഫാലി 34 പന്തിൽ നിന്ന് 46 റൺസാണ് നേടിയത്. ഇന്ത്യയുടെ മധ്യനിര തകർന്നെങ്കിലും അവസരത്തിനൊത്തുയർന്ന ഷെഫാലിയുടെ പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 133ൽ എത്തിച്ചത്.

മത്സരത്തിൽ ന്യൂസിലാൻഡിനെ നാല് റണ്‍സിന് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് കടന്നു. തുടർച്ചയായ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. രണ്ടാം തവണയും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ഷെഫാലി തന്റെ നേട്ടത്തിന് ക്രെഡിറ്റ് നൽകിയത് പിതാവിനും തന്റെ കൂടെ പരിശീലിച്ച ആണ്‍കുട്ടികള്‍ക്കുമാണ്.

‘എന്നിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും നന്ദി.. ഞാൻ ആൺകുട്ടികളുടെ കൂടെയാണ് പരിശീലിച്ചത്. അവര്‍ക്കും എന്റെ അച്ഛനും നന്ദി പറയുന്നു’ എന്നായിരുന്നു വാക്കുകൾ.