കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകൾ വീതികൂട്ടി നവീകരിക്കാൻ 37 കോടി രൂപയുടെ പദ്ധതി ടെൻഡറായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൗധരി കൺസ്ട്രക്ഷൻ എന്ന കമ്പനിക്കാണ് കരാർ. കാലവർഷത്തിനുശേഷം നവീകരണ പ്രവൃത്തികൾ തുടങ്ങുമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി.
സംസ്ഥാന ദേശീയപാതാ വിഭാഗം സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ് തുക അനുവദിച്ച് പ്രവൃത്തി ടെൻഡർ ചെയ്‌തത്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല ഗതഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി പലതവണ നടത്തിയ ചർച്ചയിലൂടെയാണ് നടപടികളിലേക്ക് കടന്നത്. ചുരത്തിലെ മറ്റുവളവുകൾ വീതികൂട്ടി നവീകരിച്ചതാണ്. വീതി കൂട്ടാനുള്ള വനഭൂമി നേരത്തെ വിട്ടുകിട്ടിയിട്ടുണ്ട്. 6, 7, 8 വളവുകൾകൂടി നവീകരിക്കുന്നതോടെ യാത്രകുറച്ചുകൂടി സുഗമമാകും. ചുരം ഉൾപ്പെടുന്ന കോഴിക്കോട്–കൊല്ലഗൽ ദേശീയപാത 766 നാലുവരി ആക്കുന്നതിനുള്ള അലൈൻമെന്റ്റിനും അംഗീകാരമായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.
2024 മേയിലാണ് സംസ്ഥാന ദേശീയപാതാ വിഭാഗം നാലുവരിയുടെ അലൈൻമെന്റ് സമർപ്പിച്ചത്. നവംബറിൽ ഇതിന്റെ പരിശോധനകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രിയെ കണ്ട് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടു. മലാപ്പറമ്പ് മുതൽ ബത്തേരി തിരുനെല്ലിവരെയുള്ള ഭാഗമാണ് നാലുവരിയാക്കുന്നത്. പാത നിലവിലെ രണ്ടുവരിയിൽ തന്നെ നവീകരിക്കാനായിരുന്നു ആദ്യതീരുമാനം. മലാപ്പറമ്പ്–പുതുപ്പാടി, പുതുപ്പാടി– തിരുനെല്ലി എന്നീ രണ്ട് റീച്ചുകളായിട്ടാണ് പ്രോജക്ട്. രണ്ടുവരി വികസനത്തിന് ഏറ്റെടുക്കാനുള്ള സ്ഥലത്ത് കല്ലുകൾ ഇട്ട് 3എ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ലക്കിടി മുതലാണ് കല്ലിട്ടത്. ഇതിനിടയിലാണ് നാലുവരി നിർദേശമുണ്ടായത്. ഇതനുസരിച്ച് 24 മീറ്ററിൽ നാലുവരിയുടെ കരട് അലൈൻമെന്റ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ 30 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്ന നിർദേശം വന്നതോടെ പുതിയ അലൈൻമെന്റു്റും ഡിപിആറും തയ്യാറാക്കി നൽകുകയും ചെയ്തു. ഇതിനാണ് ഇപ്പോൾ അംഗീകാരമായത്.