നാട്ടിലെത്തണം: കേന്ദ്രസർ‌ക്കാരിന്റെ സഹായം തേടി സൗദിയിലെ നഴ്സുമാർ

റിയാദ്: നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സൗദിയിലെ നഴ്സുമാർ. ലോക്ക് ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങിപ്പോയ ഗർഭിണികളായ നാൽപ്പതോളം നഴ്സുമാരാണ് കേന്ദ്രസർക്കാരിന്റെ സഹായം തേടിയിരിക്കുന്നത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖേനയാണ് സഹായം തേടി സർക്കാരിന് കത്ത് നൽകിയത്. കത്തിനോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കോട്ടയത്ത് നിന്നുള്ള 13 പേർ, ഇടുക്കിയിൽ നിന്നുള്ള അഞ്ച് പേർ തുടങ്ങി 12 ജില്ലകളിൽ നിന്നുള്ള 40 നഴ്സുമാരാണ് സൗദിയിലെ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഭൂരിപക്ഷം പേരും ഒറ്റയ്ക്കാണ് സൗദിയിൽ ജോലിയ്ക്കായി പോയിരിക്കുന്നത്.

നഴ്സുമാരെ നാട്ടിലെത്തിക്കണമെന്ന് ചൂണ്ടികാട്ടി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മൂന്ന് തവണ വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതി. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും കാത്തിരിക്കണമെന്നുമായിരുന്നു ലഭിച്ച മറുപടി. സൗദിയിൽ നിന്ന് നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോയി. ഈ മാതൃകയിൽ ഇന്ത്യയും തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.