പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധയജ്ഞത്തിന്റെ ഡ്രൈ റൺ തുടങ്ങി. ഇന്നലെ തുടങ്ങിയ ഡ്രൈ റൺ ഇന്നും തുടരും . രാജ്യം കോവിഡ് പ്രതിരോധയജ്ഞത്തിന് ഇതുവരെ നടത്തിയ തയ്യാറെടുപ്പുകൾ പരിശോധിക്കുന്ന പ്രക്രിയയാണ് ഡ്രൈ റൺ. നാല് സംസ്ഥാനത്തെ രണ്ട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നൂറിലധികം വളന്റിയർമാർക്ക് വീതം ഡമ്മി വാക്‌സിനുകൾ നൽകും. വാക്‌സിൻ ശേഖരണം, ശീതീകരണസംവിധാനങ്ങൾ ഒരുക്കൽ, വാക്‌സിൻ വിതരണക്രമീകരണങ്ങൾ തുടങ്ങി യഥാർഥ പ്രതിരോധ യജ്ഞത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണ്ണിലും ഉണ്ടാകും. ഓരോ ഘട്ടങ്ങളും സൂക്ഷ്‌മമായി പരിശോധിച്ച് പാളിച്ചകൾ കണ്ടെത്തും. ശരിക്കുള്ള പ്രതിരോധ യജ്ഞം തുടങ്ങുമ്പോൾ ഈ പാളിച്ചകൾ തിരുത്തും. കോവിഡ് വാക്‌സിൻ വിതരണത്തിനായി വികസിപ്പിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം കോ–-വിൻ മേൽനോട്ടത്തിലാണ് ഡ്രൈ റൺ.