പത്തൊമ്പതാം വാർഷിക നിറവിൽ സാന്ത്വനം കുവൈറ്റ്

0
8

കേരളത്തിലും ഒപ്പം കുവൈറ്റിലും ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ‘സാന്ത്വനം കുവൈറ്റ്’ പത്തൊമ്പതാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുയോഗത്തിൽ സംഘടനയുടെ അംഗങ്ങളും, അഭ്യുദയ കാംക്ഷികളും, കുവൈറ്റിലെ പ്രവാസി സാമൂഹ്യ രംഗത്തെ ഒട്ടനവധി പ്രമുഖ വ്യക്തികളും പങ്കെടുത്തു.പ്രസിഡൻറ് വി. ഡി. പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ശ്രീ പി. പി. നാരായണൻ ഉത്‌ഘാടനം ചെയ്തു.

2019 ലെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട്, സെക്രട്ടറി അബ്ദുൾ സത്താറിനന്റെ അഭാവത്തിൽ, ജോയിൻറ് സെക്രട്ടറി ജിതിൻ ജോസും സാമ്പത്തിക വിവരങ്ങൾ ട്രഷറർ സന്തോഷ് കുമാറും യോഗത്തിൽ അവതരിപ്പിച്ചു.പോയ വർഷത്തെ പ്രവർത്തന വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന വാർഷിക സുവനീറായ “സ്മരണിക 2019” യോഗത്തിൽ വച്ച് ഡോ. അമീർ അഹ്മദ് പ്രകാശനം ചെയ്തു. രാഷ്‌ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റ്റെ കവർച്ചിത്രത്തോടെയാണ് സാന്ത്വനം സ്മരണിക പുറത്തിറക്കിയത്.

ജോൺ മാത്യു, സാം പൈനുംമൂട്, ജോൺ തോമസ്, അജിത് കുമാർ, മഹേഷ് അയ്യർ, തോമസ് മാത്യു കടവിൽ, തോമസ് കുരുവിള, റൂബി മാത്യു, സുമേഷ്, ജ്യോതിഷ്, നൗഷാദ് തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു.

കഴിഞ്ഞ 19 വർഷങ്ങളിലെ പ്രവർത്തനത്തിൽ 12 കോടിയോളം രൂപ, ചികിത്സ ദുരിതാശ്വാസ സഹായങ്ങളായി 12,000 ലേറെ പേർക്ക് ജാതിമത-വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എത്തിച്ച് നൽകുവാൻ സാന്ത്വനം കുവൈറ്റിനു കഴിഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു.

2019 പ്രവർത്തന വർഷം മാത്രം 1178 രോഗികൾക്കായി 1.23 കോടിയിലേറെ രൂപയുടെ ചികിത്സാ സഹായ പദ്ധതികളാണ് സംഘടന നടപ്പാക്കിയത്. ഇതിൽ കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർദ്ധനരായ രോഗികളും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ്‌ രോഗികളും, ഒപ്പം പ്രത്യേക വാർഷിക സാമൂഹ്യക്ഷേമപദ്ധതികളും ഉൾപ്പെടുന്നു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിലെ സഹായ പ്രവൃത്തികൾ, വീടുകളുടെ പുനർ നിർമാണം തുടങ്ങിയ കാര്യങ്ങൾ കഴിഞ്ഞ വർഷം കേരളത്തിൽ ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം നടപ്പാക്കിയ പ്രത്യേക സാമൂഹ്യക്ഷേമ പദ്ധതിയിൽ ക്യാൻസർ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, പാലക്കാട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ, മാർഹമാ പാലിയേറ്റീവ്, വയനാട്ടിലെ ശാന്തി ഡയാലിസിസ് സെന്റർ, വിവിധ പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവയ്ക്കുള്ള സഹായങ്ങൾ ഉൾപ്പെടുന്നു.

പ്രളയനാളുകളിൽ കേരളത്തിനു കൈത്താങ്ങായി നിന്ന നിർദ്ധനരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ചികിത്സാ-വിദ്യാഭ്യാസ സഹായങ്ങൾ കഴിഞ്ഞ വർഷത്തെ സ്‌പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി നടപ്പാക്കുവാനും സാന്ത്വനത്തിനു കഴിഞ്ഞു.

2020 വർഷത്തേക്കുള്ള സംഘടനയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, ഭാരവാഹികൾ ആയി രമേശൻ കെ – പ്രസിഡണ്ട്, സുനിൽ ചന്ദ്രൻ – സെക്രട്ടറി, സന്തോഷ് കുമാർ പി – ട്രഷറർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. പത്തൊമ്പതാം വാർഷിക പൊതുയോഗത്തിന് ജ്യോതിദാസ് സ്വാഗതവും
സുനിൽ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.