പാലക്കാട് പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

0
25

കോഴിക്കോട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ നിർമാണത്തൊഴിലാളി ശനിയാഴ്ച മരിച്ചു. ഉള്ളിയേരി വടക്കേ ഉള്ളൂർ സ്വദേശി വിഷ്ണു മാണിക്കോത്ത് മീത്തൽ (27) ആണ് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇയാളുടെ സഹപ്രവർത്തകനായ ബാലുശ്ശേരി സ്വദേശി പ്രിയേഷിനും പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പാലക്കാട് ഒറ്റപ്പാലത്ത് ചുനങ്ങാട് നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള കുളത്തിൻ്റെ പണിക്കായി പോയ ടൈൽസ് തൊഴിലാളികളുടെ സംഘത്തിൽ വിഷ്ണു ഉണ്ടായിരുന്നു. ജനുവരി 13ന് പുലർച്ചെയാണ് അയൽവാസി തൊഴിലാളികൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സിറ്റ് ഔട്ടിൽ തൊഴിലാളികൾ ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് മനയങ്കത്ത് നീരജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. തൊഴിലാളികൾ തന്നെ പരിഹസിച്ചതിനെ തുടർന്നാണ് കൃത്യം ചെയ്തതെന്ന് ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വിഷ്ണുവിൻ്റെ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. അച്ഛൻ കൃഷ്ണൻ, അമ്മ പുഷ്പ, സഹോദരി പ്രിയങ്ക എന്നിവരാണുള്ളത്.