പാലാരിവട്ടം അഴിമതി: മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെവീണ്ടും ചോദ്യം ചെയ്യും

0
9

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയായ വി.കെ.ഇബ്രാഹിം കുഞ്ഞ് എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ്. കളമശേരി എംഎൽഎക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചെന്നും അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നുമാണ് വിജിലൻസ് അറിയിച്ചിരിക്കുന്നത്. കേസിൽ നേരത്തെ ഒരുതവണ സാക്ഷിയെന്ന നിലയിൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ക്രിമിനൽ ചട്ടപ്രകാരമുള്ള നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്താനാണ് ഇപ്പോഴത്തെ നീക്കം.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ആദ്യഘട്ട മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്ന് അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുൻമന്ത്രിക്കെതിരെ തെളിവ് ലഭിച്ചുവെന്ന് വിജിലൻസ് വ്യക്തമാക്കിയിരിക്കുന്നത്.

എംഎൽഎക്കെതിരെ അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഗവർണർ അനുമതി നൽകിയത്. ഇതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്. ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യാവലി അടക്കം തയ്യാറായതായിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു.