പാലാരിവട്ടം മേൽപ്പാലം; മെട്രോ മാൻ ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി പരിശോധിക്കും

തിരുവനന്തപുരം: നിര്‍മ്മാണത്തില്‍ വലിയ
അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം
മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള
വിദഗ്ധ സംഘം പരിശോധിക്കും.ഈ മാസം
17നാണ് പരിശോധന നടക്കുക.
തുടര്‍നടപടികൾ അതിനുശേഷം
മാത്രമാണെന്ന് മന്ത്രി ജി. സുധാകരന്‍
തിരുവനന്തപുരത്ത് പറഞ്ഞു.
പാലം ഒരു കോണ്‍ക്രീറ്റ് സ്പെഷലിസ്റ്റിനെ
ക്കൊണ്ട് പരിശോധിപ്പിക്കണമെന്ന്
ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടു.ഇതിനായി
വിദഗ്ധനെ കൊണ്ടുവരുന്ന ചുമതലയും
ശ്രീധരന്‍ തന്നെ ഏറ്റെടുത്തിട്ടുണ്ട്.

ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയൻ,
പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ
എന്നിവരുമായി ചര്‍ച്ചനടത്തി.
മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ചാണ്
ഇ.ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തി
കൂടിക്കാഴ്ച നടത്തിയത്. നിലവിൽ
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം
ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത
സാഹചര്യത്തിലാണ് സര്‍ക്കാര്‍
ഇ.ശ്രീധരന്റെ ഉപദേശം തേടിയത്.

അതേസമയം പാലാരിവട്ടം മേൽപ്പാലം
പണിക്ക് ആവശ്യത്തിന് സിമന്റ്
ഉപയോഗിച്ചിട്ടില്ലെന്ന് മദ്രാസ് ഐഐടിയിൽ
നിന്ന് വന്ന സംഘവും പരിശോധിച്ച് റിപ്പോർട്ട്
നൽകി.പാലം അപകടാവസ്ഥയിലായെന്ന്
വ്യക്തമായ ശേഷം സർക്കാർ
നിർദേശപ്രകാരം നടത്തിയ
പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം
വ്യക്തമാക്കുന്നത്.ഡിസൈൻ പ്രകാരം,
എം 35 എന്ന ഗ്രേഡിൽ കോണ്‍ക്രീറ്റ്
വേണ്ടിടത്ത് എം 22 എന്ന തോതിൽ
മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളതെന്ന്
പരിശോധനയിൽ കണ്ടെത്തിയിരുന്നു.