സോഷ്യൽ മീഡിയയും മാധ്യമങ്ങളുമടക്കം രണ്ട് ദിവസമായി ഒരു വീഡിയോയുടെ പുറകിലാണ്. ട്രോളുകളും ചർച്ചകളുമൊക്കയായി വൻ വിവാദമായ ഒരു വീഡിയോ. ഒരു ഹൈന്ദവ സംഘടനയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പൗരത്വ നിയമ ഭേദഗതി അനുകൂല യോഗത്തിനിടെയുണ്ടായ സംഭവമാണ് വിവാദം ഉയർത്തിയത്. ചടങ്ങ് തടസപ്പെടുത്താനെത്തിയെന്ന പേരിൽ ഒരു യുവതിയെ ഒരു കൂട്ടം സ്ത്രീകൾ ആക്രോശിച്ച് കൊണ്ട് പുറത്താക്കുകയാണ്. കയ്യേറ്റത്തിനും ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഒരു സ്ത്രീയുടെ വാക്കുകളാണ് ചർച്ചയായത്. ‘ഈ സിന്ദൂരം തൊട്ടു നടക്കുന്നത് എന്റെ മക്കളെ ഒരു കാക്കാമാരും കൊണ്ടു പോകാതിരിക്കാനാണെന്നായിരുന്നു അവരുടെ വാക്കുകൾ’.
തീർത്തും മതവിദ്വേഷപരമായ ഈ പ്രസ്താവന വൻ ചർച്ചകൾക്കാണ് വഴി വച്ചത്. എന്നാൽ അതിനെക്കാളുപരി ട്രോളുകളും തമാശകളുമായി വിഷയം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ആ സാഹചര്യത്തിലാണ് എഴുത്തുകാരനും പ്രവാസിയുമായി നജീബ് മൂടാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രസ്ക്തമാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
‘കാക്ക കൊണ്ടുപോവുന്നതില്‍’ ആകുലപ്പെടുന്ന, ക്ഷോഭിക്കുന്ന സ്ത്രീയെ ട്രോളുന്നതിന്റെ ആഘോഷത്തിലാണ് നാം. ഇങ്ങനെ പരിഹസിച്ചു ചിരിച്ചു മറിയുന്നതിനിടയില്‍ നാം അവഗണിച്ചു കളയുന്ന ഒരു കാര്യമുണ്ട്. മൈക്ക് കെട്ടി വിഷംതുപ്പുന്ന സംഘി നേതാക്കളുടെ വര്‍ത്തമാനം പോലെ ലഘുവല്ല ആ സ്ത്രീയുടെ ക്ഷോഭം. ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിക്കുന്ന ഒരാളുടെ നാവില്‍ നിന്ന് വരുന്ന വാക്കുകളാണത്. ഇവിടെയാണ് കാലങ്ങളായി സംഘപരിവാര്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ എത്ര ആഴത്തിലാണ് സമൂഹത്തില്‍ പടര്‍ന്നിരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതും നടുങ്ങേണ്ടതും. കുഞ്ഞുന്നാള്‍ മുതല്‍ ശാഖാ ക്ലാസ്സുകളില്‍ നിരന്തരമായി അടിച്ചേല്‍പ്പിക്കുന്ന മുസ്‌ലിം വിരുദ്ധ കഥകള്‍ പോലെ അല്ല. (ശാഖകളിലെ ഇത്തരം ക്ലാസുകളെ കുറിച്ച് കഥാകൃത്ത് ഉണ്ണി ആര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയത് ഓര്‍ക്കുക). കഴിഞ്ഞ പ്രാവശ്യം കൂട്ടുമുന്നണിയായും ഇപ്രാവശ്യം മൃഗീയ ഭൂരിപക്ഷത്തോടെയും ബിജെപി അധികാരത്തില്‍ വരാന്‍ ഏറ്റവും സഹായകമായത് വാട്‌സാപ്പും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയയെ കൃത്യമായി ഉപയോഗിച്ചത് കൊണ്ടാണ് എന്നതൊരു രഹസ്യമല്ല. അതിനായി ഫണ്ടും കൃത്യമായി നടപ്പാക്കാനുള്ള ടീമും സംഘപരിവാറിനുണ്ട്. ഹിറ്റ്‌ലറില്‍ മാതൃക കാണുന്നവര്‍ ഗീബല്‍സിനെ ഗുരുവായി സ്വീകരിച്ചുകൊണ്ട് ടെക്സ്റ്റായും വോയ്‌സായും വീഡിയോകളായും നിരന്തരമായി നുണക്കഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് സാധാരണക്കാരായ ഹിന്ദു മത വിശ്വാസികളില്‍ ഭയവും വിദ്വേഷവും വളര്‍ത്തി രക്ഷകഭാവം സ്ഥാപിക്കാന്‍ കഴിഞ്ഞു.
നിരന്തരമായി ഇല്ലാക്കഥകളും വിദ്വേഷ ചര്‍ച്ചകളും സംഘിഗ്രൂപ്പുകള്‍ വഴി വിതരണം ചെയ്ത് കുടുംബ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാക്കി അരക്ഷിതത്വവും ഭീതിയും സൃഷ്ടിച്ചതിന്റെ ദുരന്തം നാം ഊഹിക്കുന്നതിലും ആഴത്തിലാണ് സമൂഹത്തില്‍ വേരോടിയത്. ഫേക്ക് ഐഡിയിലും ഒറിജിനല്‍ ഐഡിയിലുമൊക്കെയായി ഫേസ്ബുക്കിലെ മീഡിയാ പേജുകളില്‍ ഏതൊരു വാര്‍ത്തകള്‍ക്ക് ചുവട്ടിലും വിദ്വേഷ കമന്റുകള്‍ ഇടുന്നവര്‍ മുതല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്നുപോലും പച്ചയായി മുസ്‌ലിം വര്‍ഗീയത പോസ്റ്റു ചെയ്യുന്നവര്‍ വരെ, പെട്ടെന്നൊരു പ്രകോപനത്താല്‍ സംഭവിക്കുന്നതാണ് അതൊക്കെ എന്ന് കരുതുന്നുവോ?. നിരന്തരമായി അവര്‍ വായിക്കുകയും കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് ഈ വര്‍ഗീയവിദ്വേഷ വിഷയങ്ങള്‍ മാത്രമാവുമ്പോള്‍ പരിസരബോധമില്ലാതെ തുളുമ്പിപ്പോവുന്നതാണ്. സത്യമെന്ന മട്ടില്‍ അത്രയും തന്മയത്വമായാണ് ഓരോ നുണക്കഥകളും പ്രചരിക്കുന്നത്. മതവിശ്വാസം ഹനിക്കപ്പെടുന്നു എന്നത് ഒട്ടും ഭക്തരല്ലാത്തവരില്‍ പോലും അസ്വസ്ഥത ഉണ്ടാക്കുമെങ്കില്‍, അതിലേറെ ഭീതിയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കാന്‍ എളുപ്പമുള്ളതാണ് പെണ്‍കുട്ടികളെ വഴി തെറ്റിക്കുന്നു, തട്ടിക്കൊണ്ടു പോവുന്നു എന്ന് തുടങ്ങുന്ന പ്രചാരണങ്ങള്‍. ആത്മാഭിമാനവും ആണത്വവുമൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഒന്നായി കത്തിച്ചുനിര്‍ത്തി നേട്ടം കൊയ്യാന്‍ എല്ലാ മതതീവ്രവാദികളും ഏതുനാട്ടിലും ഉപയോഗിക്കുന്ന ആയുധം. ‘ലൗ ജിഹാദ്’ മുതല്‍ ഐസിസ് റിക്രൂട്ട്‌മെന്റ് വരെ എരിവും പുളിയുമുള്ള കഥകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ എമ്പാടും ഉള്ള സാക്ഷരകേരളത്തില്‍ വിശേഷിച്ചും ഇത്തരം കഥകള്‍ക്ക് നല്ല സ്വീകാര്യത ലഭിക്കും. ഇങ്ങനെയുള്ള കഥകള്‍ നിരന്തരം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ സ്വാഭാവിക പ്രതികരണമാണ് ഇന്നലെ വീഡിയോയില്‍ കണ്ടത്.
സ്വകാര്യ സംഭാഷണങ്ങളിലും കുടുംബ സദസ്സുകളിലും ഇത്തരം ആശങ്കകള്‍ പങ്കിടുന്ന എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ട് എന്നത് കൂടി ചിന്തിച്ചാലേ നുണ പ്രചാരണങ്ങളിലൂടെ മനുഷ്യമനസ്സുകളില്‍ ഉണ്ടാക്കിയ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും ആഴം മനസ്സിലാവൂ. എന്നിട്ടും ഇതൊക്കെ തമാശിച്ചും ട്രോളിയും ചിരിക്കുന്ന മനുഷ്യരേ സത്യമായും നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്. സങ്കടവും സന്തോഷവും ഒരേ മനസ്സോടെ പങ്കിട്ട് കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞ മനുഷ്യരെയാണ് പരസ്പരം ശത്രുക്കളാക്കി ചിലര്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നത്. ഈ മുറിവുകളുണ്ടാക്കുന്ന ആഘാതം എത്ര ഭീകരമായിരിക്കും എന്ന് ചിന്തിക്കുന്നുണ്ടോ. തലമുറകളെ തകര്‍ത്തു കളയുന്ന അണുബോംബുകളെക്കാളും വിനാശകരമാണ് ഈ നുണപ്രചാരണങ്ങള്‍ വരുത്തിവയ്ക്കാന്‍ പോവുന്നത്. പരസ്പര വിശ്വാസമില്ലാത്ത മനുഷ്യരായി എങ്ങനെയാണ് ജീവിക്കാനാവുക? എന്തിനാണ് പിന്നെ ജീവിക്കുന്നത്? എത്ര ഭീകരമാണ് ആ അവസ്ഥ! ട്രോളുകള്‍ നിര്‍ത്തി ഇനിയെങ്കിലും വസ്തു നിഷ്ഠമായി കാര്യങ്ങള്‍ പറഞ്ഞു തുടങ്ങൂ കൂട്ടരേ. എങ്ങനെയാണ് ഇതൊക്കെ വെറും തമാശ പോലെ നമുക്ക് ചിരിക്കാന്‍ കഴിയുന്നത്. പുരക്ക് തീ പിടിച്ചത് കണ്ടും ചിരിച്ചു തമര്‍ക്കുന്ന മനോരോഗികള്‍ ആവാതെ കെടുത്താന്‍ നോക്ക് മനുഷ്യരേ. ഇടുങ്ങിയ മനസ്സുള്ളവരുടെ കുരുട്ടു ബുദ്ധിക്ക് വിവേചനമോ ദീര്‍ഘവീക്ഷണമോ ഉണ്ടാവില്ല. താല്‍ക്കാലിക നേട്ടവും ജയവും മാത്രമാണ് അവരുടെ ലക്ഷ്യം. അവരുടെ കൈയിലാണ് ഇന്ന് നാട്. വിവേകമുള്ളവരെങ്കിലും ചിരിയും ചിരിപ്പിക്കലും നിര്‍ത്തി കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങൂ. ആ സ്ത്രീയെ ട്രോളി സമാധാനിക്കുന്നതിന് പകരം അങ്ങനെയുള്ള ചിന്തകള്‍ പ്രചരിപ്പിക്കുന്നവരെ കുറിച്ചാണ് പറയേണ്ടത്. നുണപ്രചാരണങ്ങളാണ് ചര്‍ച്ചയാവേണ്ടത്. അല്ലെങ്കില്‍ ഈ ചിരിയൊക്കെ നിലവിളിയായി മാറുന്ന കാലം അത്ര വിദൂരമൊന്നുമല്ലെന്നോര്‍ക്കുക. അത്രക്ക് അന്യരായി കൊണ്ടിരിക്കുകയാണ് നാം.