പ്രവാസികളുടെ ഹെല്‍ത്ത് ഇൻഷുറന്‍സ് ഫീസ് വർധിക്കും; സജ്ജമാകുന്നത് മൂന്ന് ആശുപത്രികൾ

0
7

കുവൈറ്റ്: പ്രവാസികള്‍ക്കായി സര്‍വ സജ്ജീകരങ്ങളുമായി ആശുപത്രികളൊരുക്കാൻ കുവൈറ്റ്. ഹെൽത്ത് ഇന്‍ഷുറന്‍സ് പരിധിയിൽ വരുന്ന പ്രവാസികൾക്കായി എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ മൂന്ന് ആശുപത്രികളാണ് ഒരുങ്ങുന്നത്. ഇതോടെ പ്രതിവർഷ ഇൻഷുറൻസ് ഫീസില്‍ വർധനവുണ്ടാകും. നിലവിൽ 50 ദിനാർ നൽകുന്നത് 130 ദിനാർ ആയി ഉയരും.

അഹമ്മദിയിലും ജഹ്റയിലും ഹെൽത്ത് ഇന്‍ഷുറൻസ് ആശുപത്രികളുടെ നിര്‍മ്മാണം 35ശതമാനത്തോളം പൂർത്തിയായി. 600 കിടക്കകളുമായി ഒരുങ്ങുന്ന ഈ ആശുപത്രികൾ അടുത്ത വർഷം അവസാനത്തോടെ തുറക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. മൂന്നാമത്തെ ആശുപത്രി 2024 ൽ പൂർത്തിയാകും.

നിലവിൽ 50 ദിനാർ ഹെല്‍ത്ത് ഇൻഷുറൻസ് ഫീ നല്‍കുന്ന പ്രവാസികൾക്ക് സർക്കാർ ക്ലിനിക്കുകളിൽ പ്രവേശന ഫീസ് ആയി നൽകേണ്ടത് 2 ദിനാര്‍ മാത്രമാണ്. സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകളിലും ആശുപത്രികളിലും 10 ദിനാർ. അഡ്മിറ്റ് ചെയ്തുള്ള ചികിത്സയാണെങ്കിൽ ദിവസം 10 ദിനാറാണ് വാടക. ഐസിയുവിന് 30 ദിനാർ, എക്സ്-റേ ഉൾപ്പെടെ വിവിധ സൗകര്യങ്ങൾക്ക് പുറമേ ശസ്ത്രക്രിയയ്ക്കും പ്രത്യേകം ഫീസ് നൽകണം.