കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് മികച്ച പരിഗണന നല്‍കിയ ബഡ്ജറ്റാണ് ഡോ: തോമസ് ഐസക് അവതരിപ്പിച്ചതെന്ന് കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ.എൻ ഹരിലാൽ.
കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ‘ജനകീയ ബജറ്റും – പ്രവാസികളും’ എന്ന വെബിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ നിക്ഷേപകര്‍ക്ക് വന്‍തോതിലുള്ള നികുതിയിളവ് ഉള്‍പ്പെടെ നല്‍കി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര ഗവണ്മെന്റുകള്‍ കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം ഇന്ത്യയിലേക്കെത്തിക്കുന്ന പ്രവാസികളെ ഒരു കാലത്തും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് എന്നും പ്രവാസികളോട് കേരളത്തിലെ ഇടതുപക്ഷ സർക്കാരുകള്‍ സ്വീകരിക്കുന്നത്. അതിനുള്ള ഉദാഹരണമാണ് നോർക്ക വഴിയും പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളും അതിനായി ഈ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഹിതവും.
കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതവും ട്രഷറർ സുരേഷ് പി.ബി നന്ദിയും രേഖപ്പെടുത്തി. കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ. അജിത് കുമാർ, കേരള അസോസിയേഷൻ പ്രതിനിധി പ്രവീൺ നന്തിലത്ത്, ഐ.എം.സി.സി കുവൈറ്റ് പ്രതിനിധി അബൂബക്കർ, ജനതാ കൾച്ചറൽ സെന്റർ പ്രതിനിധി അബ്‌ദുൾ വഹാബ്, പ്രവാസി കേരള കോൺഗ്രസ്(എം) അഡ്വ: സുബിൻ അറക്കൽ എന്നിവർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.