പ്രവാസി വിരുദ്ധ പ്രസ്താവന നടത്തിയ സഫാ അൽ ഹാഷിം പരാജയപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്‍റിലെ ഏക സിറ്റിങ് വനിതാ എംപിയായ സഫാ അൽ ഹാഷിം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇവർഉള്‍പ്പടെ നിലവിലെ പാര്‍ലമെന്‍റ് അംഗങ്ങളില്‍ പലരും പരാജയം ഏറ്റുവാങ്ങി.സഫ അല്‍ ഹാഷിമ പ്രവാസികൾക്കെതിരെ നടത്തിയ പ്രസ്താവനകള്‍ നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മൂന്നാം മണ്ഡലത്തില്‍ നിന്നുമായിരുന്നു സഫ ഇത്തവണ ജനവിധി തേടിയത്.എന്നാല്‍ കനത്ത പരാജയമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. നേരത്തെ മൂന്ന് തവണയും വിജയിച്ച സഫ ആദ്യമായാണ് പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. നാലാം തവണ ജനവിധി തേടിയ അവര്‍ ഇത്തവണ ഏറ്റവും അധികം വോട്ടുകള്‍ നേടിയ സ്ഥാനാര്‍ത്ഥിയെക്കാല്‍ ബഹുദൂരം പിന്നിലുമായി.ഇത്തവണ ഇവര്‍ക്ക് ആയിരം വോട്ടുകള്‍ പോലും തികയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള വിദേശികള്‍ ശ്വസിക്കുന്ന വായുവിനും ഉപയോഗിക്കുന്ന വഴികള്‍ക്കും വരെ നികുതി ചുമത്തണം എന്ന് തുടങ്ങിയ പ്രസ്താവനകളായിരുന്നു സഫ നടത്തിയിരുന്നത്. രാജ്യത്തെ ഗതാഗത കുരുക്കിനും കാരണം വിദേശികളാണെന്നും അവർ പറഞ്ഞിരുന്നു.