പൗരത്വ പ്രതിഷേധം: ഇന്ത്യ‌യിലേക്ക് പോകുന്ന പൗരന്മാർക്ക് സൗദിയുടെ ജാഗ്രതാ നിർദേശം

0
24

റിയാദ്: ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാർക്ക് ജാഗ്രതാ നിർദേശം നല്‍കി സൗദി. സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് വിട്ടു നിൽകണമെന്നും ഇന്ത്യയിലുള്ള സൗദി പൗരന്മാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് സ്വന്തം പൗരന്മാർക്ക് സൗദി ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളും പ്രതിഷേധങ്ങളും സംബന്ധിച്ച് അറബ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകളും ചിത്രങ്ങളും ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. മുസ്ലീങ്ങളെ ഒഴിവാക്കി മറ്റു വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നുവെന്നാരോപിച്ചാണ് ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. ഗൾഫ് മാധ്യമങ്ങളടക്കം ഇത് അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.