പൗരത്വ ഭേദഗതിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം. ക്രിസ്മസ് അവധിക്കായി സുപ്രീം കോടതി ഇന്ന്‌ അടയ്ക്കുന്ന സാഹചര്യത്തിൽ ജനുവരി 22ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

സര്‍ക്കാരിന്റെ മറുപടി ലഭിച്ചതിനു ശേഷമാകും കോടതി നിയമത്തിന്റെ സാധുത പരിശോധിക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളുമാണ് ഹര്‍ജികളുമായി സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. അറുപതോളം ഹര്‍ജികളാണ് കോടതിക്കു മുമ്പാകെ എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന്‌  അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു.