പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി കല കുവൈറ്റ് ഫഹാഹീല്‍ മേഖല സമ്മേളനം

0
6

കുവൈറ്റ് സിറ്റി: രാജ്യത്തെ മതനിരപേക്ഷത തച്ചുടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹാഹീല്‍ മേഖല സമ്മേളനം. ലെനിന്‍ രാജേന്ദ്രന്‍ നഗറില്‍ (അല്‍-നജാത്ത് സ്കൂള്‍ മംഗഫ്) നടന്ന മേഖല വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ ഇതിനു പുറമെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, പ്രവാസി സേവനങ്ങള്‍ക്കായി ഏകജാലക സംവിധാനം നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളിലും നടപടികള്‍ ആവശ്യപ്പെട്ട് പ്രമേയങ്ങള്‍ പാസ്സാക്കി. ആക്ടിംഗ് മേഖല പ്രസിഡന്റ് രവീന്ദ്രന്‍ പിള്ള, നോബി ആന്റണി, രേവതി ജയചന്ദ്രന്‍ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ലോക കേരളസഭ അംഗവുമായ എന്‍. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം ജ്യോതിഷ് പിജിയെ മേഖല പ്രസിഡന്റായും, രജീഷിനെ മേഖല സെക്രട്ടറിയായും തിരഞ്ഞെടുത്തു. മേഖല എക്സിക്യുട്ടീവ് അംഗം ജയകുമാര്‍ സഹദേവന്‍ അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. മേഖല സെക്രട്ടറി ഷാജു വി ഹനീഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സമ്മേളനം രണ്ട് റിപ്പോര്‍ട്ടുകളും അംഗീകരിച്ചു. ചര്‍ച്ചകള്‍ക്ക് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടികെ സൈജു, മേഖല സെക്രട്ടറി ഷാജു വി ഹനീഫ് എന്നിവര്‍ മറുപടി നല്‍കി. മേഖലയിലെ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായുള്ള 15 അംഗ മേഖല എക്സിക്യുട്ടീവിനെ സമ്മേളനം തിരഞ്ഞെടുത്തു. കല കുവൈറ്റ് മീഡിയ സെക്രട്ടറി ആസഫ് അലി  ജനുവരി 17 ന്‌ നടക്കുന്ന കല കുവൈറ്റ് 41-മത് വാര്‍ഷിക പ്രതിനിധി സമ്മേളനത്തിലേക്കുള്ള 100 പ്രതിനിധികളുടെ നിര്‍ദ്ദേശം അവതരിപ്പിച്ചു. ലിപി പ്രസീദ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

മേഖലയിലെ 26 യൂണിറ്റുകളില്‍ നിന്നുള്ള 160 പ്രതിനിധികളാണ്‌ സമ്മേളനത്തില്‍ പങ്കെടുത്തത്. മേഖലയിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ്‌ സമ്മേളനം ആരംഭിച്ചത്. കല കുവൈറ്റ് വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ വിനീത അനില്‍, ഡോ: വിവി രംഗന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശ്രീജിത്ത്, അനൂപ് നെല്ലിത്തൊടിക്ക, ശശികുമാര്‍ (രജിസ്ട്രേഷന്‍), പ്രസീദ്, പ്രവീണ്‍, പ്രജുഷ (പ്രമേയം), റിനു വിദ്യാധരന്‍, കവിത അനൂപ്, ലിപി പ്രസീദ് (ക്രഡന്‍‌ഷ്യല്‍), ജയചന്ദ്രന്‍, അനീഷ് ഇയാനി, അരവിന്ദന്‍ (ഭക്ഷണം), ഗോപീദാസ് (വാളണ്ടിയര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്‌കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി‌എസ് സുഗതകുമാര്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തിന്‌ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേഖല സെക്രട്ടറി രജീഷ് നന്ദി രേഖപ്പെടുത്തി.