ഫിലിപ്പൈന്‍ യുവതിയുടെ മരണം: ബ്ലഡ് മണി നിരസിച്ച് ഫിലിപ്പൈന്‍സ്

കുവൈറ്റ്: ഫിലിപ്പൈന്‍ സ്വദേശിയായ ഗാര്‍ഹിക തൊഴിലാളി കുവൈറ്റിൽ മരിച്ച സംഭവത്തിൽ നിലപാട് കടുപ്പിച്ച് ഫിലിപ്പൈൻസ്. വീട്ടുജോലിക്കായി നിന്ന യുവതിയുടെ മരണത്തിന് നഷ്ടപരിഹാരമായി നൽകാമേന്നേറ്റ ബ്ലഡ് മണി ഫിലിപ്പൈൻസ് നിരസിച്ചതായാണ് റിപ്പോർട്ടുകൾ. പണമല്ല സ്വന്തം പൗരൻറെ ജീവനെടുത്തവരുടെ ജീവനാണ് വേണ്ടതെന്നാണ് ഇവർ അറിയിച്ചതെന്നും പറയപ്പെടുന്നു.

സ്പോൺസറുടെ വീട്ടിൽ നിന്നും അതിക്രമം നേരിടേണ്ടി വന്ന ഫിലിപ്പൈനിൽ നിന്നുള്ള ജീ​നെ​ലി​ൻ പ​ഡേ​ണ​ൽ വി​ല്ലാ​വെ​ൻ​ഡെ എന്ന ഗാർഹികത്തൊഴിലാളി കുറച്ച് ദിവസം മുമ്പ് കുവൈറ്റിൽ മരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തെ ശക്തമായി അപലപിച്ച് ഫിലിപൈൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിന് തുടർച്ചയായി കുവൈറ്റിലേക്ക് പുതിയതായി ഗാർഹിക തൊഴിലാളികളെ അയക്കില്ലെന്ന് ഫിലിപ്പൈൻസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പിന്നാലെയാണ് നിലപാട് കൂടുതൽ കടുപ്പിച്ചിരിക്കുന്നത്. അതേസമയം സംഭവത്തിൽ കുറ്റക്കാരയവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിഷയത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നുമാണ് കുവൈറ്റിന്റെ പ്രതികരണം.