ബാലികയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ അമ്മൂമ്മ ഇന്ത്യൻ എംബസിക്ക്‌ പരാതി നൽകി.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 9 വയസ്സുകാരിയായ മലയാളി ബാലികയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ പെൺകുട്ടിയുടെ നാട്ടിലുള്ള അമ്മൂമ്മ ഇന്ത്യൻ എംബസിക്ക്‌ പരാതി നൽകി.കഴിഞ്ഞ ദിവസമാണു എംബസിക്ക്‌ പരാതി ലഭിച്ചത്‌.ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട്‌ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ കൊണ്ട്‌ ഇന്ത്യൻ എംബസി കുവൈത്ത്‌ അധികൃതർക്ക്‌ അടുത്ത ദിവസം കത്ത്‌ നൽകും.കഴിഞ്ഞ മാസം 26 നു രാത്രിയാണു ചെങ്ങന്നൂർ പുലിയൂർ പെരിശേരി സ്വദേശി രാജേഷ്‌ , കൃഷ്ണ പ്രിയ ദമ്പതികളുടെ ഏക മകളായ തീർത്ഥ യെ അബ്ബാസിയയിലെ ഫ്ലേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. സംഭവ സമയത്ത്‌ കുട്ടിയുടെ മാതാപിതാപിതാക്കൾ പുറത്തായിരുന്നുവെന്നാണു പറയപ്പെടുന്നത്‌.മരണത്തിൽ ദുരൂഹത ഉയർന്നതോടെ ബാലികയുടെ ഉറ്റ ബന്ധുക്കളായ രണ്ടു പേരെയും ഫ്ലേറ്റിൽ ഷെയറിങ്ങിൽ താമസിച്ച 2 മലയാളി സ്ത്രീകളെയും മറ്റൊരു യുവതിയേയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തു വരികയായിരുന്നു. രണ്ടാഴ്ചയോളം പോലീസ്‌ കസ്റ്റഡിയിലായിരുന്ന ഇവരെ കഴിഞ്ഞ ആഴ്ച നിബന്ധനകളോടെ വിട്ടയക്കുകയും ചെയ്തിരുന്നു.പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾ പരിശോധനക്ക്‌ അയച്ച ശേഷം പരിശോധനാ ഫലം കാത്തിരിക്കുകയാണു അന്വേഷണ ഉദ്യോഗസ്ഥർ. എന്നാൽ പരിശോധനയുടെ ചുമതലയിലുള്ള ഉദ്യോഗസ്ഥൻ അവധിയിലായത്‌ കാരണമാണു പരിശോധനാ ഫലം ലഭിക്കാൻ കാലതാമസം നേരിട്ടത്‌. കഴിഞ്ഞ ദിവസം ഇദ്ധേഹം ജോലിയിൽ പ്രവേശിച്ചതോടെ രണ്ടു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കുമെന്നാണു അറിയുന്നത്‌.നിലവിലെ സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നതിൽ തടസ്സങ്ങളില്ല. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾക്ക്‌ ഫോറൻസിക്‌ ഫലം പുറത്തു വന്നാൽ മാത്രമേ നാട്ടിലേക്ക്‌ പോകാൻ സാധിക്കുകയുള്ളൂ..ഇക്കാരണത്താലാണു 3 ആഴ്ചയിലേറെയായി ഫർവാനിയ ദജീജിലെ മോർച്ചറിയിൽ കഴിയുന്ന മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകാൻ വൈകുന്നത്‌.ഫോറൻസിക്‌ ഫലം ലഭിക്കുന്നതോടെ സംഭവത്തിലെ ദുരൂഹത നീങ്ങുമെന്നാണു കരുതുന്നത്‌.

-ismail payyoli –