ബാലുവിന് കുവൈറ്റിന്റെ യാത്രാമൊഴി

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ എ യൂണിറ്റ് അംഗവും സജീവ പ്രവർത്തകനുമായിരുന്ന ബാലു ചന്ദ്രന് (58 വയസ്സ്) കുവൈറ്റ് പൊതുസമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഉച്ചകഴിഞ്ഞ് 2 മണിക്ക് സബ മോർച്ചറിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകളാണ് അന്ത്യോപചാരം അർപ്പിക്കുന്നതിനായി എത്തിച്ചേർന്നത്. കുവൈറ്റ് പൊതു സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു അന്തരിച്ച ബാലു. ജീവകാരുണ്യ രംഗത്ത് സജീവമായി ഇടപെട്ടിരുന്ന ബാലുവിന്റെ വേർപാട് കുവൈറ്റ് പൊതു സമൂഹത്തിന് തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് വിവിധ സംഘടന ഭാരവാഹികൾ പ്രതികരിച്ചു. വൈകിട്ട് കുവൈറ്റ് എയർവേസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതിക ശരീരം നാളെ (23-4-2019) കോയമ്പത്തൂർ മേട്ടുപ്പാളയത്തുള്ള സ്വവസതിയിൽ സംസ്കരിക്കും.