ഭിക്ഷാടകരെ നാടു കടത്തും; സ്പോൺസർമാർക്കെതിരെയും നടപടി: മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈറ്റ്: ഭിക്ഷാടനത്തിലുടെ അനധികൃത പണസമ്പാദനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി കുവൈറ്റ് സർക്കാർ. രാജ്യത്ത് ഭിക്ഷാടനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കുന്നതെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഭിക്ഷാടനം നടത്തി പിടികൂടുന്നവരെ ഉടൻ തന്നെ നാടു കടത്തുമെന്നാണ് മുന്നറിയിപ്പ്. ഇവരുടെ സ്പോണസർമാർക്കെതിരെയും നടപടിയുണ്ടാകും. ഏതെങ്കിലും കമ്പനിയുടെ സന്ദർശക വിസയിലെത്തിയ ആളാണെങ്കിൽ ആ കമ്പനിയുടെ ഫയൽ തന്നെ റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സാധാരണയായ റമദാൻ മാസത്തിലാണ് വിവിധ അറബ് രാജ്യങ്ങളിൽ ഭിക്ഷാടകർക്കെതിരെ നടപടി കടുപ്പിക്കുന്നത്. ഇക്കഴിഞ്ഞ റമദാനിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ നടത്തിയ തെരച്ചിലിൽ ഇവിടം കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തിയ 33 പേരെയാണ് അറസ്റ്റ് ചെയ്ത് നാടു കടത്തിയത്. സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.