ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ കുഞ്ഞിന് ക്രൂരമർദനം: വീഡിയോ വൈറലായതോടെ യുവതി അറസ്റ്റിൽ

0
6

അബുദാബി: ഭർത്താവിനോടുള്ള ദേഷ്യത്തിന് സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദിച്ച യുവതി അറസ്റ്റിൽ. കുട്ടികളുടെ സംരക്ഷണത്തിനായി കര്‍ശന നിയമങ്ങൾ നിലവിലുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. കുട്ടിയെ മർദിക്കുന്നത് യുവതി തന്നെ വീഡിയോയിൽ പകർത്തിയ ദൃശ്യങ്ങൾ തെളിവായെടുത്താണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞിനോട് ദേഷ്യപ്പെടുന്നതും അതിനെ കാലിൽ പിടിച്ച് സ്റ്റെപ്പിലൂടെ വലിച്ചിഴയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യുവതി തന്നെ ചിത്രീകരിച്ച നാല് സെക്കൻഡ് മാത്രമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെയാണ് പൊലീസ് ഇടപെടൽ.

ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. അറസ്റ്റിലായ ഇവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുട്ടികളെ ഉപദ്രവിക്കുന്നവരോടും അവരോട് മോശമായി പെരുമാറുന്നവരോടും ഒരുതരത്തിലുമുള്ള കാരുണ്യവും കാണിക്കില്ലെന്നറിയിച്ച അധികൃതർ, കുട്ടികള്‍ക്ക് നേരെയുള്ള ഉപദ്രവങ്ങള്‍ തടയാന്‍ നിയമപ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.