മലപ്പുറം പൊലീസിൽ കൂട്ട സ്ഥലംമാറ്റം

0
12

മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മലപ്പുറം പൊലീസിൽ കൂട്ട അഴിച്ചുപണി. മലപ്പുറം ജില്ല പൊലീസ് മേധാവിയെയും ജില്ലയിലെ പ്രധാന തസ്തികകളിലുള്ള എട്ട് ഡിവൈ.എസ്.പിമാരെയും ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റി. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരനെ എറണാകുളം റെയ്ഞ്ച് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ ചുമതലയിലേക്കാണ് മാറ്റിയത്. അസി. ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആർ. വിശ്വനാഥ് പുതിയ ജില്ല പൊലീസ് മേധാവിയായി ചുമതലയേൽക്കും. താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയെ കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറം സ്പെഷൽ ബ്രാഞ്ചിലെ പി. അബ്ദുൽ ബഷീറിനെ തൃശൂർ റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ചിലേക്കും മലപ്പുറത്തെ എ. പ്രേംജിത്തിനെ തൃശൂർ എസ്.എസ്.ബിയിലേക്കും മാറ്റി. പെരിന്തൽമണ്ണയിലെ സാജു കെ. എബ്രഹാമിനെ കൊച്ചി സിറ്റി ട്രാഫിക്കിലേക്കാണ് മാറ്റിയത്. തിരൂരിലെ കെ.എം. ബിജുവിനെ ഗുരുവായൂരിലേക്കും കൊണ്ടോട്ടിയിലെ പി. ഷിബുവിനെ തൃശൂർ വിജിലൻസിലേക്കും മാറ്റി. നിലമ്പൂരിലെ പി.കെ. സന്തോഷ് ഇനി പാലക്കാട് ക്രൈം ബ്രാഞ്ചിലാണ്. മലപ്പുറം എസ്.എസ്.ബിയിലെ മൂസ വള്ളിക്കാടനെ പാലക്കാട്ടേക്കും മാറ്റി.